ഷാർജ: പല കാരണങ്ങൾ കൊണ്ട് ഷാർജ രാജ്യാന്തര പുസ്തക മേള മറ്റ് പുസ്തകോത്സവങ്ങളിൽ നിന്നും വേറിട്ടതാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ ജി 20 ഗ്ലോബൽ ലാന്റ് ഇനീഷ്യേറ്റീവ് ഡയറക്ടർ മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
ഷാർജ പുസ്തക മേളയിൽ ഇതാദ്യമായി പങ്കെടുക്കുകയാണ് താനെന്ന് പറഞ്ഞ അദ്ദേഹം ഏറെ നാളുകളായി ഇതേക്കുറിച്ച് കേൾക്കുകയാണെന്നും കേട്ടതിലും ഗംഭീരവും മനോഹരവുമാണി മേളയെന്നും പറഞ്ഞു.
ലോകത്ത് ഇതുപോലൊരു പുസ്തക മേള ഉണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തോടെ ഇത് ലോകത്തിലെ ഒന്നാമതാകും. മലയാളികൾക്ക് പ്രത്യേകിച്ചും അഭിമാനിക്കാവുന്ന നേട്ടമാണിത്.
ഇവിടെ വരുന്ന സന്ദർശകരിൽ വളരെ വലിയ എണ്ണം മലയാളികളാണെന്ന് പറഞ്ഞ അദ്ദേഹം. കേരളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരും ഇവിടെ എത്തുന്നുണ്ടെന്നും രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും ഇതിനെ സീരിയസ്സായി കാണുന്നുവെന്നും നിരീക്ഷിച്ചു.
വായന മരിച്ചിട്ടില്ല. വായനക്കാരും എഴുത്തുകാരും തമ്മിലുള്ള സംവാദം തുടരുന്നുവെന്ന കാര്യം ഈ പുസ്തക മേള അടിവരയിടുന്നു. ഇതിന്റെ മികവാർന്ന സംഘാടനത്തിന് നന്ദി പറയുന്നു. ഇത്തരം പുസ്തക മേളകൾ നമ്മുടെ നാട്ടിലും നടന്നെങ്കിലെന്ന് ആശിച്ചു പോവുകയാണെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.