Press Club Vartha

‘ഒരു ശ്രീലങ്കൻ സുന്ദരി’; തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായക

തിരുവനന്തപുരം: കൃഷ്‍ണ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’. എന്നാൽ കോടികൾ ചിലവിട്ട് ഒരു സിനിമ നിർമ്മിച്ച് തിയേറ്ററുകളിൽ എത്തിച്ചിട്ടും തനിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകയായ കൃഷ്‍ണ പ്രിയദര്‍ശൻ.

ഏറെ ത്യാഗം സഹിച്ചാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ എന്ന ചിത്രം റിലീസിനായി താൻ ഒരുക്കിയത്. എന്നാൽ സിനിമാ മേഖലയിൽ ആശാവാഹമല്ലാത്ത പ്രവർത്തന മൂലം തന്റെ ചിത്രം പ്രദർശിപ്പിക്കാൻപോലും തിയേറ്ററുകൾ ലഭിക്കുന്നില്ലെന്നും വളരെയേറെ കലാമൂല്യമുള്ള ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിന് എതിരെ ചില സംഘടനകൾ/ വ്യക്തികൾ പ്രവർത്തിക്കുന്നതായി താൻ മനസ്സിലാക്കുന്നുവെന്നാണ് സംവിധായക പറയുന്നത്.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജിചെറിയാൻ മുൻപാകെ ഒരു പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. 2007 മുതൽ അബുദാബിയിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്ന താൻ കഴിഞ്ഞ വർഷമാണ് ചിത്രം സംവിധാനം ചെയ്തത്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും ശ്രമഫലമായി ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രം നിർമ്മിക്കുകയും അത് റിലീസിനായി ഒരുക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു.

അനൂപ് മേനോൻ , ഡോക്ടർ അപർണ്ണ, പത്മരാജ് , തുടങ്ങി ഒരുപിടി മുൻനിര താരങ്ങളെ ഉൾപ്പെടുത്തിയാണ് നിരവധി ത്യാഗങ്ങൾ സഹിച്ച് ഈ ചിത്രം പൂർത്തിയാക്കിയത്. കേരളത്തിലെ നിലവിലെ സിനിമാ മേഖലയിലെ ആശ്വാസകരമല്ലാത്ത പ്രവർത്തനങ്ങളാണ് ഒട്ടും പരിചിതമല്ലാത്ത തനിക്ക് സിനിമാ റിലീസിനടക്കം നേരിടേണ്ടി വരുന്നതെന്നും വലിയ ബുദ്ധിമുട്ടുകളാണ് ഇത് മൂലം ഉണ്ടാകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

ചിത്രം പ്രദർശിപ്പിക്കാൻ ആവശ്യമായ തിയേറ്ററുകൾ നൽകുന്നതിൽ ബോധപൂർവമായ തടയൽ ഈ കാലയളവിൽ നടക്കുന്നതായി വ്യക്തമായെന്നും ഒരു നവാഗതയായ വനിതാ സിനിമ സ്‌നേഹി എന്നതിലുപരി കേരളത്തെ ഏറെ സ്നേഹിക്കുന്ന ഒരു പ്രവാസി എന്നനിലയിൽ തനിക്ക് നേരിടേണ്ടി വന്ന ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ ശ്രമിക്കണമെന്നുമാണ് കൃഷ്‌ണ പ്രിയദർശന്റെ ആവശ്യം.

 

Share This Post
Exit mobile version