Press Club Vartha

വെട്ടുകാട് തിരുനാളിന് കൊടിയേറി

തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ 81ാമത് ക്രിസ്തു രാജത്വ തിരുനാളിന് കൊടിയേറി. ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ പൊന്തിഫിക്കല്‍ ദിവ്യബലിക്കു ശേഷമാണ് തിരുനാള്‍ കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചത്. വെട്ടുകാട് ഇടവക വികാരി ഡോ.എഡിസണ്‍ വൈ.എം തിരുനാള്‍ കൊടിയുയര്‍ത്തി. കൊടിയേറ്റ് ചടങ്ങില്‍ ബാന്‍ഡ് മേളവും മാലാഖ വേഷധാരികളായ കുരുന്നുകളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. മന്ത്രി ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു തുടങ്ങിയവര്‍ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കെടുത്തു.

ഇതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. 25ന് വൈകിട്ട് നടക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന് ശേഷം ഞായറാഴ്ച,അതിരൂപ മെത്രാപ്പൊലീത്ത ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാര്‍മ്മികനാകുന്ന ദിവ്യബലിയോടെയാണ് തിരുനാള്‍ സമാപിക്കുക. അടുത്ത മാസം ഒന്നിനാണ് കൊടിയിറക്ക്.

‘നാം സഹോദരന്‍മാര്‍’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ക്രിസ്തുരാജത്വ തിരുനാള്‍ നടക്കുക. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് നടത്തുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് പുനലൂര്‍ രൂപത മെത്രാന്‍ ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തനും 24 ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് ഡോ. എം. സൂസപാക്യവും മുഖ്യ കാര്‍മികത്വം വഹിക്കും.

തിരുനാള്‍ ദിനങ്ങളില്‍ തുടര്‍ച്ചയായി മലയാളം, ഇംഗ്‌ളീഷ്,ഹിന്ദി,തമിഴ്,സീറോ മലബാര്‍,സീറോ മലങ്കര,ലത്തീന്‍ ഭാഷകളില്‍ ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.തിരുനാളുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്നും ഇവിടേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ക് ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖം മുതല്‍ വേളി ടൂറിസം വില്ലേജ് വരെയുള്ള റോഡില്‍ വലിയ വാഹനങ്ങളെ നിയന്ത്രിച്ച്, തീര്‍ത്ഥാടകരെ കെ എസ് ആര്‍ ടി സി ബസില്‍ പള്ളിയിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി.

ഇതുകൂടാതെ ഉത്സവ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസും നടത്തും. ഉത്സവ ദിവസങ്ങളില്‍ പ്രത്യേക ട്രെയിനുകള്‍ക്ക് കൊച്ചുവേളി, പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ സി.സി.ടി.വി ക്യാമറകളും മഫ്തിയിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പോലീസ് കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു. നിരോധിത ലഹരിമരുന്നിന്റെ ഉപയോഗം തടയാന്‍ പോലീസും എക്‌സൈസ് വകുപ്പും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്.

Share This Post
Exit mobile version