ലഖ്നൗ: ഹലാൽ മുദ്രണം ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അടിയന്തര നിരോധനം ഏർപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഹലാൽ മുദ്രയുള്ള മുഴുവൻ ഉത്പന്നങ്ങളുടെയും നിർമാണവും സംഭരണവും വിപണനവുമാണ് സർക്കാർ നിരോധിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിതരണം, വാങ്ങൽ, വിൽപന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
എന്നാൽ, കയറ്റുമതിക്കു വേണ്ടി മാത്രം നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല.മാത്രമല്ല ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.