തിരുവനന്തപുരം: ന്യൂഡൽഹി തീർത്ഥയാത്രയ്ക്ക് ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിക്ക് വൻ വരവേൽപ്പ്. ജില്ലയിലെ ഗുരുഭക്തർ താമരപ്പൂക്കൾ നിറച്ച താലം നൽകിയാണ് ശിഷ്യപൂജിതയെ വരവേറ്റത്. മനസ്സും ശരീരവും അർപ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ അഖണ്ഡ മന്ത്രാക്ഷരങ്ങൾ ഉയർന്ന പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിലായിരുന്നു സ്വീകരണം. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫിനാൻസ് സെക്രട്ടറി നിർമ്മല ജ്ഞാന തപസ്വിനി എന്നിവർ ശിഷ്യപൂജിതയെ അനുഗമിച്ചിരുന്നു.
ഇക്കഴിഞ്ഞ നവംബർ 16 നാണ് സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി-ബ്രഹ്മചാരിണികളും ഉൾപ്പെടെ നൂറോളം പേരടങ്ങുന്ന തീർത്ഥയാത്രസംഘത്തിനൊപ്പം ഗുരുസ്ഥാനീയ ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. രാജ്യതലസ്ഥാനത്ത് ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾ 25 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി ലോകത്തിന് സമർപ്പിക്കപ്പെട്ട സിൽവർ ജൂബിലി സെന്ററിലെ പ്രാർത്ഥനാലയത്തിൽ ഗുരുവിന്റെ പ്രാണപ്രതിഷ്ഠകർമ്മം നിർവഹിക്കുന്നതിനായിരുന്നു തീർത്ഥയാത്ര.
ശാന്തിഗിരി ആശ്രമത്തിൻ്റെ ആത്മീയ കാര്യങ്ങളുടെ വാക്കും വഴിയുമാണ് ശിഷ്യപൂജിത. അപൂർവ്വം അവസരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥയാത്രകൾക്ക് മാത്രമെ ശിഷ്യപൂജിത തിരുവനന്തപുരം പോത്തൻകോട് ആശ്രമത്തിൽ നിന്നും പുറത്തുപോകാറുള്ളൂ. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുരുസ്ഥാനീയ ന്യൂഡൽഹി സാകേത് പുഷ്പവിഹാറിലെ ആശ്രമം സന്ദർശിച്ചത് .
ഇത്തവണത്തെ തീർത്ഥയാത്രയോടെ ജാതി മത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായി ആർക്കും കടന്നുവരാവുന്ന ലോകസമാധാനത്തിനുളള ശാന്തിഗിരിയുടെ മറ്റൊരു പ്രാർത്ഥനാകേന്ദ്രം കൂടി രാജ്യത്ത് സമർപ്പിതമായി.