ജറുസലേം: ഗാസയിൽ ഇന്ന് മുതൽ 4 ദിവസം വെടിനിർത്തൽ. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു രാവിലെ ഏഴുമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇവരെ റെഡ് ക്രോസിനു കൈമാറും.
നാലു ദിവസത്തെ വെടിനിർത്തലിനാണ് ഖത്തറിന്‍റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരു വിഭാഗങ്ങളും ഒപ്പു വച്ചത്. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.
കൂടാതെ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചു. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ധാരണയായി.