Press Club Vartha

‘ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം’: ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാനും ഊര്‍ജ്ജിത ഉറവിട നശീകരണത്തിനും ബോധവല്‍ക്കരണത്തിനുമായി ‘ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം’ എന്ന ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാദ്ധ്യത കൂടുതലാണ്. വെള്ളം കെട്ടിനിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം .

ക്യാമ്പയിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 24) വിദ്യാഭ്യാസസ്ഥാപനങ്ങളിലും നാളെ തൊഴിലിടങ്ങളിലും നവംബര്‍ 26ന് വീടുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്യാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ 27 മുതലുള്ള ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രൈ ഡേ ആചരണം വിലയിരുത്തുന്നതും ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. കെട്ടിട നിര്‍മ്മാണ മേഖലകളില്‍ കൊതുകിന്റെ സാന്ദ്രത വളരെ കൂടുതലാണെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

Share This Post
Exit mobile version