Press Club Vartha

നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: കേരള നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി തെളിവെടുപ്പ് നടത്തി. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനായും എം.എൽ.എ മാരായ വി.ശശി, എൻ.കെ അക്ബർ, എം.വിൻസെന്റ് എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് സിറ്റിംഗ് നടത്തിയത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ നടന്ന തെളിവെടുപ്പിൽ 130 പരാതികളാണ് ലഭിച്ചത്. മത്സ്യ അനുബന്ധത്തൊഴിലാളികൾ,സംഘടനകൾ എന്നിവരിൽ നിന്നുള്ള പരാതികൾ അതിവേഗ പരിഹാരത്തിനായി സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് സമിതി അധ്യക്ഷൻ പി.പി ചിത്തരഞ്ജൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ ഒരു പരിധി വരെ പരിഹരിക്കാനായതായും എം.എൽ.എ പറഞ്ഞു. വിഴിഞ്ഞത്തെ തെളിവെടുപ്പിൽ 23 പരാതികളും അഞ്ചുതെങ്ങിൽ നടന്ന തെളിവെടുപ്പിൽ 107 പരാതികളും ലഭിച്ചു. തീരദേശത്തെ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, കുടിവെള്ളം, തീരദേശ റോഡ്, വിഴിഞ്ഞം പാക്കേജുമായി ബന്ധപ്പെട്ട് ചിപ്പിത്തൊഴിലാളികളുടെയും കട്ടമരത്തൊഴിലാളികളുടെയും പരാതികളാണ് തെളിവെടുപ്പിൽ ചർച്ചയായ പ്രധാന വിഷയങ്ങൾ.

വിഴിഞ്ഞം തുറമുഖം എം.ഡി ദിവ്യ എസ് അയ്യർ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ,സംഘടനാ പ്രതിനിധികൾ എന്നിവരും വിഴിഞ്ഞത്തും അഞ്ചുതെങ്ങിലുമായി നടന്ന തെളിവെടുപ്പിൽ പങ്കെടുത്തു.

Share This Post
Exit mobile version