Press Club Vartha

ജില്ലാ വികസന സമിതി യോഗം ചേർന്നു

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വെള്ളക്കെട്ട് തടയുന്നതിനാവശ്യമായ നടപടികൾ സംബന്ധിച്ച് കൃത്യമായ പഠനം നടത്താൻ നിർദേശം നൽകി വി.കെ പ്രശാന്ത് എം.എൽ.എ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതിയിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ എം.എൽ.എ ചുമതലപ്പെടുത്തിയത്. വെള്ളക്കെട്ട് പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന് യോഗം ചേരാനും ജില്ലാ വികസന സമിതിയിൽ തീരുമാനമായി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

അരുവിക്കര മണ്ഡലത്തിലെ മൈലമൂട് ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിഹരിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ ആവശ്യപ്പെട്ടു. ബോണക്കാട് ഞായറാഴ്ചയുൾപ്പെടെ ബസ് സർവീസ് ആരംഭിച്ചതിൽ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. വിതുര ഹോമിയോ ഡിസ്‌പെൻസറിക്ക് പുതിയ മന്ദിരം നിർമിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.

കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്യോസ്ഥരോട് നിർദേശിച്ചു. ഒറ്റശേഖരമംഗലം വില്ലേജ് ഓഫീസ് നിർമാണ പ്രവർത്തനം, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് സമ്പൂർണകുടിവെള്ള പദ്ധതി, പാറശാല ബസ് ടെർമിനൽ പദ്ധതി പുരോഗതി എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ.ആൻസലൻ എം.എൽ.എ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ആശുപത്രിയിൽ നെഫ്രോളജിസ്റ്റിനെ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. പോലീസ് എയ്ഡ്‌പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നടപടി ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എം.പിമാരുടെയും എം.എൽ.എ മാരുടെയും പ്രതിനിധികൾ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ് ജെ, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ് ബിജു, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവരും ജില്ലാ വികസന സമിതിയിൽ പങ്കെടുത്തു.

Share This Post
Exit mobile version