Press Club Vartha

ജനാധിപത്യ ചരിത്രത്തിലെ പുതിയ അധ്യായമാണ് നവ കേരള സദസ്സ്: മന്ത്രി വീണാ ജോർജ്ജ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് നവ കേരള സദസ്സെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ എലത്തൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനസമക്ഷമെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന സവിശേഷമായ പുതിയ അധ്യായമാണിത്. മന്ത്രിസഭ ഒന്നാകെ പങ്കെടുക്കുന്ന ജനകീയ സദസ്സ് തകർക്കുന്നതിനുള്ള നിർഭാഗ്യകരമായ ശ്രമം നടക്കുകയാണ്. പക്ഷേ ആ ശ്രമങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

പുറക്കാട്ടിരി എ സി ഷണ്മുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർ സെന്ററിൽ 8 തസ്തികകൾ പുതിയതായി സൃഷ്ടിച്ചു. 600 കോടി രൂപ വിവിധങ്ങളായ പദ്ധതികൾക്കായി ചെലവഴിച്ചു. രാജ്യത്തെ ആദ്യത്തെ ആന്റി ബയോട്ടിക്സ് സ്മാർട്ട് ഹോസ്പിറ്റലായി കക്കോടി ആശുപത്രിയെ തിരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

സമസ്ത മേഖലയിലും ജനങ്ങളുടെ ഉന്നമനവും പുരോഗതിയും ഉറപ്പാക്കണമെന്ന് തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്ത സർക്കാരാണ് ഇതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകൾ സ്മാർട്ടായി. ആരോഗ്യരംഗങ്ങളിൽ വലിയ മാറ്റമുണ്ടായി. വിദ്യാഭ്യാസ സ്റ്റാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർ സ്വന്തമായി സംരംഭത്തിലേക്ക് വരണമെന്നതായിരുന്നു സംരംഭക വർഷത്തിൽ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഒന്നര ലക്ഷത്തിനടുത്ത് ആളുകൾ പുതിയ സംരംഭത്തിലേക്ക് വന്നു. ഇതിലൂടെ വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ ആശുപത്രി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, പുതിയപാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിവിധകളായ പദ്ധതികളാണ് സർക്കാർ പൂർത്തിയാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

അതിദാരിദ്ര നിർമ്മാർജ്ജനത്തിലൂടെ കേരളം ലക്ഷ്യം വയ്ക്കുന്നത് ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുക എന്നതാണ്. നിസ്സഹായരായവരെ ചേർത്തുനിർത്തുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

നവ കേരള സദസ്സിലൂടെ ലഭിക്കുന്ന പരാതികളിൽ ജില്ലകളിൽ ഉള്ളവ രണ്ടാഴ്ചക്കുള്ളിലും സംസ്ഥാനതലത്തിലുള്ളവ 45 ദിവസത്തിനുള്ളിലും തീർപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Share This Post
Exit mobile version