Press Club Vartha

ഗവർണർക്ക് ധാർമികത ഉണ്ടെങ്കിൽ ഉടൻ രാജിവയ്ക്കണമെന്ന് എം വി ഗോവിന്ദൻ

കഴക്കൂട്ടം: സാമാന്യ മര്യാദയുണ്ടെങ്കിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ച് ഒഴിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർക്ക് ധാർമികതയും അന്തസ്സും ഉണ്ടെങ്കിൽ ഉടനടി രാജിവെക്കണമെന്നാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളസർവ്വകലാശാല കാര്യവട്ടം ക്യാമ്പ്‌സിൽ നടന്ന “ഉന്നതവിദ്യാഭ്യാസം : വാർത്തമാന വെല്ലുവിളികളും അതിജീവനവും ” എന്ന ഏകദിന അക്കാദമിക് കൊളോക്കിയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറെ വിമർശിച്ചു കൊണ്ടുള്ള കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. ഭരണഘടനാപരമായ ചുമതലവഹിക്കാതെ സംഘപരിവാർ തിട്ടൂരം നടപ്പിലാക്കാനാണ് ഗവർണർക്ക് താൽപര്യമെന്നും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്ന നിലപാടാണ് ഗവർണറുടെതെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തിൽ ഇന്നലത്തെ പരാമർശത്തോടെ, ഗവർണർക്ക് മാന്യമായ വ്യക്തിത്വമുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കേണ്ട സമയമാണിത്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് ഞങ്ങൾ ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഹിന്ദുത്വ – കാവിവത്ക്കരണ അജണ്ട നടപ്പാക്കുകയാണ്. ഗവർണർ സ്വയമൊരു പരിഹാസ കഥാപാത്രമായി മാറിക്കൊണ്ടിരിക്കുന്നു.കാലിക്കറ്റ് സെനറ്റ് നോമിനേഷനിൽ യുഡിഎഫ് – ആർഎസ്എസ് കോർഡിനേറ്ററായി ഗവർണർ പ്രവർത്തിച്ചു. സർവകലാശാലകളിൽ ഏകപക്ഷീയമായി വൈസ് ചാൻസലർമാരായി ആർഎസ്എസുകാരെ നിശ്ചയിക്കുന്ന ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് , മുൻ എം. പി. ഡോ. പി കെ ബിജു,കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബി ഇക്ബാൽ,എം.ജി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സി. ടി അരവിന്ദ് കുമാർ,ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ,ചരിത്രകാരനായ ഡോ. കെ. എൻ ഗണേഷ്, സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ അംഗം ഡോ. പിപി അജയകുമാർ,എഫ്. യു.ടി.എ ജനറൽ സെക്രട്ടറി ഡോ. എസ് നസീബ്, എ. കെ.പി. ടി. എ ജനറൽ സെക്രട്ടറി, ഡോ.സി പത്മനാഭൻ,എൻ.ടി ശിവരാജൻ, ഡോ.എസ് .ആർ മോഹനചന്ദ്രൻ,ഹരിലാൽ,പ്രൊഫ. പി .എം രാധാമണി, ഡോ. ടി മുഹമ്മദ്, റഫീഖ്എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു

Share This Post
Exit mobile version