Press Club Vartha

ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്കേറുന്നു

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സന്നിധാനത്ത് തിരക്ക് വർധിക്കുകയാണ്. ഏഴ് ലക്ഷത്തിലധികം തീർത്ഥാടകരാണ് കഴിഞ്ഞ ദിവസം വരെ ശബരിമലയിൽ ദർശനം നടത്തിയത്. ബുധനാഴ്ച മാത്രം 54,000 ഭക്തരാണ് വെർച്വൽ ക്യു വഴി ദർശനം ബുക്ക് ചെയ്തത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

ഇന്നലെ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി. പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. സ്പോട് ബുക്കിംഗ് പാസ് പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ച് സന്നിധാനത്ത് എത്താൻ സാധിക്കും. ഈ സംവിധാനമാണ് സ്പോട് ബുക്കിംഗ് പാസ്.

ശനിയാഴ്ച്ചയാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വെര്‍ച്വല്‍ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ശനിയാഴ്ച ദര്‍ശനം നേടിയത്. അതെ സമയം ശബരിമലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. പൊലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്. ദര്‍ശനത്തിനെത്തുന്ന പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടാഗ് സംവിധാനവും പോലീസ് ഒരുക്കിയിട്ടുണ്ട്.

Share This Post
Exit mobile version