Press Club Vartha

സംസ്ഥാന നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനു തുണ്ടത്തിൽ സ്കൂളിൽ നാളെ തുടക്കം

കഴക്കൂട്ടം: രണ്ടാമത് ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ചേങ്കോട്ടുകോണം തുണ്ടത്തിൽ മാധവിലാസം ഹയർസെക്കൻഡറി സ്കൂളിൽ നാളെ തുടക്കമാവും. കേരള സംസ്ഥാന നെറ്റ്ബാൾ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

പതിനാറു വയസിന് താഴെ പ്രായമുള്ള ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും മത്സരമാണ് നാളെ സംഘടിപ്പിക്കുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് ജാർഗണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന സബ് ജൂനിയർ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ദേശീയ മത്സരത്തിലേയ്ക്കു കേരള ടീമിനെ സെലക്ട് ചെയ്യുന്നത്. ഡിസംബർ 21 മുതൽ 27 വരെയാണ് റാഞ്ചിയിൽ ദേശിയ മത്സരം നടക്കുക.

നാളെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 350 ലധികം കായികതാരങ്ങളും 50 ഓളം ഉദ്യോഗസ്ഥരും മാറ്റുരയ്ക്കും. 10പേർ വീതമുള്ള ടീം ആയിട്ടാണ് മത്സരം അരങ്ങേറുക. ഓരോ ടീമിനും അര മണിക്കൂർ വീതമുള്ള സമയത്തിൽ 18വീതം36 മാച്ചുകൾ നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ലീന സമ്മാനദാനം നിർവ്വഹിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് താമസസൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത് മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ്.

പത്രസമ്മേളനത്തിൽ കേരള നെറ്റ് ബോൾ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി എസ്. നുജുമുദ്ദീൻ, ജില്ല പ്രസിഡന്റ് എസ്. ശശിധരൻ നായർ , സെക്രട്ടറി ജൂഡ് ആന്റണി, വൈസ് പ്രസിഡന്റ് ലതീഷ് പോത്തൻകോട്, സ്കൂൾ പ്രിൻസിപ്പാൾ രാജീവ് . പി.എൽ, ഹെഡ്മിസ്ട്രസ് ആശാ രാജൻ, പ്രോഗ്രാം കൺവീനർ റിയാസ്, പി. റ്റി.എ. പ്രസിഡന്റ് ശരത് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Share This Post
Exit mobile version