Press Club Vartha

ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പോലീസിനെതിരെ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ പിടികൂടാത്ത കേരള പോലീസിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയന് മാത്രം സുരക്ഷ ഒരുക്കുന്ന കോമാളിപ്പടയായി കേരള പോലീസ് അധ:പതിച്ചിരിക്കുന്നുവെന്ന് കെ സുധാകരൻ.

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ പിടിക്കാൻ കഴിയാത്തത് കേരള പോലീസിന് മാത്രമല്ല, സംസ്ഥാനത്തിന് മുഴുവൻ നാണക്കേടാണ് . ഒരു കൂട്ടം ക്രിമിനലുകൾ നമ്മുടെ മുഴുവൻ സംവിധാനങ്ങളെയും വെല്ലുവിളിച്ചത് സമൂഹത്തിൽ ആശങ്ക പടർത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല എന്ന സത്യമാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയ ക്രിമിനലുകൾ വ്യക്തമാക്കുന്നത്. ഒരാളെ തട്ടിക്കൊണ്ടു പോയാൽ അവരെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ ഒന്നും തന്നെ കേരള പോലീസിന് ഇല്ല എന്ന കാര്യം ഓരോ മാതാപിതാക്കളെയും ഭയപ്പെടുത്തുന്നുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പിണറായി വിജയന് മാത്രം സുരക്ഷ ഒരുക്കുന്ന കോമാളിപ്പടയായി കേരള പോലീസ് അധ:പതിച്ചിരിക്കുന്നു.
അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ 48 മണിക്കൂർ ആകുമ്പോഴും പിടിക്കാൻ കഴിയാത്തത് കേരള പോലീസിന് മാത്രമല്ല, സംസ്ഥാനത്തിന് മുഴുവൻ നാണക്കേടാണ് . ഒരു കൂട്ടം ക്രിമിനലുകൾ നമ്മുടെ മുഴുവൻ സംവിധാനങ്ങളെയും വെല്ലുവിളിച്ചത് സമൂഹത്തിൽ ആശങ്ക പടർത്തിയിരിക്കുന്നു.
മുടക്കോഴി മലയിലെ സിപിഎമ്മിന്റെ തീവ്രവാദ സങ്കേതങ്ങളിൽ നിന്നുവരെ കൊടും തീവ്രവാദികളെ നിഷ്പ്രയാസം അറസ്റ്റ് ചെയ്ത പാരമ്പര്യമുള്ള പോലീസ് സേനയായിരുന്നു കേരളത്തിന്റേത്. ലോകത്തിനു മുമ്പിൽ തല ഉയർത്തി നിന്നിരുന്ന ആ സേനയെ ആണ് പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ഏഴു കൊല്ലങ്ങൾ കൊണ്ട് നിർവീര്യമാക്കിയത്.
പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല എന്ന സത്യമാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയ ക്രിമിനലുകൾ വ്യക്തമാക്കുന്നത്. ഒരാളെ തട്ടിക്കൊണ്ടു പോയാൽ അവരെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ ഒന്നും തന്നെ കേരള പോലീസിന് ഇല്ല എന്ന കാര്യം ഓരോ മാതാപിതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പിണറായി വിജയൻ നടത്തുന്ന ഉല്ലാസയാത്രയിൽ ആരെങ്കിലും പ്രതിഷേധിക്കുമെന്ന് ഭയന്ന് അവരെ കരുതൽ തടങ്കലിൽ വെക്കുക എന്നതല്ല കേരള പോലീസിന്റെ പ്രാഥമിക കർത്തവ്യം. തോക്കും ലാത്തിയും അടങ്ങുന്ന ആയുധശേഖരവുമായി മുഖ്യമന്ത്രിക്ക് അനാവശ്യ സുരക്ഷ ഒരുക്കാൻ വേണ്ടിയുള്ളതും അല്ല കേരള പോലീസ് .
നാട്ടിൽ നീതിയും ന്യായവും നടപ്പിലാക്കി ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താനാണ് പോലീസ് ശ്രമിക്കേണ്ടത്. പോലീസിനെ കൊണ്ട് അത് ചെയ്യിപ്പിക്കുവാൻ കഴിവുള്ള ഒരു ആഭ്യന്തരമന്ത്രി തലപ്പത്ത് ഇല്ലാതെ പോയി എന്നത് അത്യന്തം ഖേദകരമായ വസ്തുതയാണ്.
ഒരു കുട്ടി തട്ടിക്കൊണ്ടു പോകപ്പെട്ടിട്ടും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല എന്നത് സിപിഎം എന്ന പാർട്ടിയുടെ ജീർണ്ണത ഒരിക്കൽ കൂടി വിളിച്ചു പറയുകയാണ്.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരുടെ ഒപ്പം ഇറങ്ങി ചെന്ന് നിൽക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ നാട്ടിൽ ജനപ്രതിനിധികൾ ?
തുടക്കത്തിലെ ചില അനൗചിത്യ സമീപനങ്ങൾക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങൾ വളരെ ഉത്തരവാദിത്വമുള്ള പ്രവർത്തനമാണ് നടത്തിയത്. മാധ്യമങ്ങളുടെ സമ്മർദ്ദമാണ് കുട്ടിയെ സുരക്ഷിതയായി ഉപേക്ഷിക്കാൻ പ്രതികളെ നിർബന്ധിതരാക്കിയത്. അതുപോലെതന്നെ മാധ്യമങ്ങൾക്ക് ഒപ്പം നാട്ടുകാരും ഒരേ മനസ്സോടെ കുട്ടിയെ തിരഞ്ഞിറങ്ങി.
എട്ടുകാലി മമ്മൂഞ്ഞുമാർ പൗരപ്രമുഖർക്കൊപ്പം ഭക്ഷണം കഴിച്ച് രസിക്കുന്നത് തുടരുക. സാമൂഹിക പ്രതിബദ്ധതയോട് കൂടി മാധ്യമപ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും ഉറക്കമൊഴിഞ്ഞ് കുട്ടിയെ തിരഞ്ഞ നാട്ടുകാർക്കും കെപിസിസിയുടെ അഭിവാദ്യങ്ങൾ . എത്രയും പെട്ടെന്ന് തന്നെ പ്രതികളെ കണ്ടെത്തണമെന്ന് കേരള പോലീസിനോട് ശക്തമായി ആവശ്യപ്പെടുന്നു.

Share This Post
Exit mobile version