Press Club Vartha

ഐഎഫ്എഫ്കെ: ആദ്യ ദിനത്തിലെ ആദ്യ പ്രദർശനം ‘കിഡ്നാപ്പ്ഡ്’

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച ആറ് സ്‌ക്രീനുകളിലായി 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇറ്റാലിയൻ ചിത്രം മാർക്കോ ബെല്ലോച്ചിയോയുടെ കിഡ്നാപ്പ്ഡ് ആണ് മേളയിലെ ആദ്യ ചിത്രം. ലോക സിനിമ, ലാറ്റിനമേരിക്കൻ സിനിമ, ഫീമെയ്ൽ ഗെയ്‌സ്, മാസ്റ്റേഴ്സ് മൈൻഡ് എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. ഉദ്‌ഘാടനത്തോടനുബന്ധിച്ച് മൊഹമ്മദ് കോർഡോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ വൈകീട്ട് ആറിന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

റാഡു ജൂഡിൻ്റെ ഡു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, കൗതെർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ്, മൗനിയ മെഡൂറിൻ്റെ ഹൗറിയ, റെനീ നാദർ മെസോറ, ജോവോ സലവിസ എന്നിവർ സംവിധാനം ചെയ്ത ദി ബുരിറ്റി ഫ്ലവർ, മരീന ബ്രോഡയുടെ സ്റ്റെപ്‌നെ, ഷാവോം ഹാഗറിൻ്റെ അണ്ടർ ദി ഷാഡോ ഓഫ് ദി സൺ, എസ്ടിബലിസ് ഉറസോളാ സൊലാഗുരൻ്റെ 20,000 സ്പീഷിസ് ഓഫ് ബീസ്, ഏഞ്ചലാ ഷാനെലെക്കിൻ്റെ മ്യൂസിക്, ക്ലോഡിയ സെന്റ്റെ-ലൂസിൻ്റെ ദി റെലം ഓഫ് ഗോഡ് എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

2011 ലെ സുഡാൻ വിഭജനസമയത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ഗുഡ് ബൈ ജൂലിയ. സുഡാനിലെ രണ്ടു പ്രവിശ്യകളിൽ നിന്നുള്ള സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന് ഓസ്കാറിൽ സുഡാൻ്റെ ഔദ്യോഗിക എൻട്രി ലഭിച്ചിട്ടുണ്ട്. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയ്‌ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രവും കൂടിയാണിത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒൾഫ ഹംറൂണി എന്ന ടുണീഷ്യൻ സ്ത്രീയുടെയും അവരുടെ നാല് പെൺമക്കളുടെയും കഥ പറയുകയാണ് ഫോർ ഡോട്ടേഴ്സ്. കാൻ ,ബുസാൻ, ബ്രസ്സൽസ് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം 2023 ലെ ട്യുണീഷ്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടി ആയിരുന്നു.

കോർപ്പറേറ്റ് മുതലാളിത്തം, തൊഴിലിടങ്ങളിലെ ചൂഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഡാർക്ക് കോമഡി ചിത്രമാണ് ഡു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്.

96-ാമത് ഓസ്കാർ അവാർഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ റൊമാനിയൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്ക്കാരത്തിനും അർഹമായി . ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

Share This Post
Exit mobile version