Press Club Vartha

നവകേരള സദസ്സ് : വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്

വട്ടിയൂർക്കാവ്:  നവകേരള സദസ്സിന്റെ ഭാഗമായി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്. നാഷണൽ ആയൂഷ് മിഷന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. കുറവൻകോണം എസ്.പി.റ്റി.പി.എം യു.പി സ്‌കൂൾ, യു.ഐ.റ്റി എന്നിവിടങ്ങളിലായി നടക്കുന്ന മെഡിക്കൽ ക്യാമ്പ് വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആയുർവേദം, ഹോമിയോ, സിദ്ധ, നാച്ചുറോപ്പതി വിഭാഗങ്ങളിൽ നിന്നും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിലുണ്ടാകും. ആയുർവേദത്തിൽ ദൃഷ്ടി (നേത്ര ചികിത്സ), ശല്യതന്ത്രം (സന്ധി വേദനകൾക്കുള്ള ചികിത്സ) സ്‌പെഷ്യാലിറ്റിയും ഹോമിയോയിൽ സദ്ഗമയ (കൗമാരപ്രായക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ), ആയുഷ്മാൻഭവഃ (ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ), ജനനി (വന്ധത്യാ ചികിത്സ), സീതാലയം( സ്ത്രീകളുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങൾക്കുള്ള ചികിത്സ) എന്നീ സ്‌പെഷ്യാലിറ്റികളും ഉണ്ടാകും. തുടർ ചികിത്സക്കുള്ള ക്രമീകരണങ്ങളും മരുന്നുകളും ക്യാമ്പിൽ ലഭിക്കും. യോഗ ഡെമോൺസ്‌ട്രേഷൻ, യോഗാ ഡാൻസ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം ശനിയാഴ്ച വെള്ളയമ്പലം ജവഹർ ബാലഭവനിൽ നടക്കും. 8 മുതൽ 12 വയസു വരെ ജൂനിയർ, 13 മുതൽ 17 വയസുവരെ സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനം നൽകുന്നത്. കൂടാതെ എല്ലാ വിഭാഗത്തിനും മൊമന്റോയും സർട്ടിഫിക്കറ്റും നൽകും.

Share This Post
Exit mobile version