Press Club Vartha

സാമൂഹ്യ നീതി വകുപ്പിന്റെ സംവരണ അട്ടിമറിക്കെതിരെ മുസ്ലിം സംഘടനകൾ മുന്നിട്ടിറങ്ങണം : മെക്ക

തിരുവനന്തപുരം: ഭിന്ന ശേഷി വിഭാഗക്കാർക്ക് നാല് ശതമാനം സംവരണം നൽകുന്നതിനായി കഴിഞ്ഞ 40 വർഷമായി മറ്റു പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം മുസ്ലിംകൾക്കും ലഭ്യമായിക്കൊണ്ടിരുന്ന സംവരണ അനുപാതത്തിൽ നിന്നും ഇരുപത് ശതമാനം വെട്ടി മാറ്റിയ സാമൂഹ്യ നീതിവകുപ്പിന്റെ ഉത്തരവിനെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം സംഘടനകൾ രംഗത്തിറങ്ങണമെന്ന് മെക്ക ആവശ്യപ്പെട്ടു. ഭിന്ന ശേഷി വിഭാഗക്കാർക്ക് നാലു ശതമാനം സംവരണം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിലവിലെ ഇതര പിന്നാക്ക വിഭാഗക്കാർക്ക് ലഭിച്ചു വരുന്ന സംവരണ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തരുതെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. നസീർ ആവശ്യപ്പെട്ടു. മെക്ക തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച വേദി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സബോർഡിനേറ്റ് & സർവീസ് റൂൾ സെക്ഷൻ 14-17 പ്രകാരം 1978 മുതൽ മുസ്ലിംകൾക്കായി നീക്കിവെച്ചിരുന്ന 26, 76 റ്റേണുകൾ യാതൊരു ചർച്ചയോ നിയമ നിര്മാണമോ കൂടാതെ അട്ടിമറിച്ചത് കൊടിയ വഞ്ചനയാണെന്നും സംവരണ വിഭാഗങ്ങൾക്ക് നഷ്ടം വരാത്ത നിലയിൽ 27, 77 ടേണുകൾ ഭിന്ന ശേഷിവിഭാഗത്തിനായി നീക്കിവെച്ച് പ്രശ്നം രമ്യമായി പരിഹരിക്കാൻ സാധിക്കുമെന്നിരിക്കെ സാമൂഹ്യ നീതി വകുപ്പ് സമുദായത്തോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്താകമാനം പ്രതിപക്ഷ കക്ഷികൾ ജാതി സെൻസസിനെ ക്കുറിച്ചു വാ തോരാതെ സംസാരിക്കുമ്പോഴും കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ ഈ വിഷയത്തിലെ രാഷ്ട്രീയ കാപട്യത്തെ മുഴുവൻ സംവരണ സമുദായങ്ങളും തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോ. എ നിസാറുദീൻ അധ്യക്ഷനായിരുന്നു. പ്രൊഫ. ഇ. അബ്ദുൽ റഷീദ്, ഡോ. വി നൗഷാദ്, എം. ആരിഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു

Share This Post
Exit mobile version