Press Club Vartha

മേളയുടെ മനംനിറച്ച് മലയാള ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാ​ഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്. മലയാളം സിനിമ ടുഡേ, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്സ്, കാലിഡോസ്കോപ്പ് വിഭാ​ഗങ്ങളിലാണ് പ്രദർശനം. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. ആനന്ദ് ഏകർഷിയുടെ ആട്ടവും മേളയിലെ ആകർഷക ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു . സ്വവർഗ്ഗാനുരാഗികളുടെ ജീവിതയാഥാർഥ്യങ്ങളും സങ്കീർണതകളും പങ്കുവെക്കുന്ന കാതൽ എന്ന ചിത്രം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് പ്രദർശിപ്പിച്ചത്.

സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ മലയാളസിനിമകൾ.

മണ്മറഞ്ഞ പ്രതിഭകൾക്ക് ആദരം അർപ്പിക്കുന്ന ഹോമേജ് വിഭാഗത്തിൽ റാംജിറാവു സ്പീക്കിം​ഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് .കെ ജി ജോർജിന്റെ സ്മരണയ്ക്കായ് മേളയിൽ പ്രദർശിപ്പിച്ച യവനിക,ജി അരവിന്ദന്റെ വാസ്തുഹാര ,പി എൻ മേനോന്റെ ഓളവും തീരവും, എന്നീ ചിത്രങ്ങളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. റീസ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിൽ എ കെ ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയാണ് ഇനി പ്രദർശിപ്പിക്കുന്നത്.

Share This Post
Exit mobile version