Press Club Vartha

ബോളിവുഡ് മെലോഡ്രാമകൾക്ക് ആഫ്രിക്കയിൽ വലിയ ആരാധക വൃന്ദമുണ്ടെന്ന് ബൗക്കരി സവാഡോഗോ

തിരുവനന്തപുരം:  ബുർക്കിനോ ഫാസോ സ്വദേശിയായ ബൗക്കരി സവാഡോഗോ ആഫ്രിക്കൻ സിനിമയെയും അതിന്റെ പരിണാമത്തെക്കുറിച്ചും ആഴത്തിൽ പഠിച്ച വ്യക്തിയാണ്. 17 വർഷത്തിലേറെയായി അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറായി ജോലി നോക്കുന്ന അദ്ദേഹം അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയായാണ് ഐ. എഫ്.എഫ്.കെയിൽ എത്തിയിട്ടുള്ളത്

ചോ: ഇന്ത്യൻ ചലച്ചിത്രങ്ങളുമായി ബന്ധമുണ്ടോ

ഉ: ഇന്ത്യയിലെ ഹിന്ദി മെലോഡ്രാമ ചിത്രങ്ങൾക്ക് ആഫ്രിക്കയിൽ വളരെയധികം ആരാധകരുണ്ട്. ഇത് കണ്ടാണ് ഞാൻ വളർന്നുവന്നത്. പ്രത്യേകിച്ച് വടക്കൻ നൈജീരിയയിൽ (ഞങ്ങൾ നോളിവുഡ് എന്ന് വിളിക്കും). ബോളിവുഡ് ചിത്രങ്ങളെ പകർത്തി പ്രാദേശിക ചേരുവകൾ ചേർത്ത് റീമേക്ക് ചെയ്യുന്ന പ്രവണതയുണ്ട്. ഇന്ത്യയിലെ ജനപ്രിയ ചിത്രങ്ങളിലെ പാട്ടുകൾ ഞാൻ ഒഴിവാക്കാറുണ്ടെങ്കിലും എനിക്ക് ‘ത്രീ ഇഡിയറ്റ്സ്’ വളരെയധികം ഇഷ്ടപ്പെട്ടു.

ചോ: ആഫ്രിക്കൻ സിനിമാ മേഖലയിൽ നിന്നുള്ള പുതിയ വാർത്ത എന്താണ്

ഉ: ആഫ്രിക്കൻ സിനിമ ഇപ്പോൾ സുപ്രധാന വഴിത്തിരിവിലാണ്. പുതിയ ചലച്ചിത്ര നിർമ്മാതാക്കൾ, വർധിച്ചുവരുന്ന സിനിമ നിർമ്മാണം, വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ എന്നിവ അതിനെ അടയാളപ്പെടുത്തുന്നു. പ്രാദേശികമായ ടിവി സീരീസുകളും ആനിമേഷനും ഗെയിമുകളും ഈ ട്രെൻഡിൽ ഉൾപ്പെടുന്നു.

ചോ: സാങ്കേതികവിദ്യ എങ്ങനെയാണ് ആഫ്രിക്കൻ സിനിമയെ മാറ്റിയത്

ഉ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ വരവിന്ശേഷം ആരാണ് സംവിധായകൻ എന്ന സുപ്രധാന ചോദ്യമുണ്ട്. ഇപ്പോൾ എല്ലാവർക്കും ക്യാമറയുമുണ്ട്, എഡിറ്റിംഗ് സോഫ്റ്റ്‌വെയറിനെക്കുറിച്ചും അറിയാം. അവരൊക്കെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ചിലരാകട്ടെ ഗ്രാമങ്ങളിൽ നേരിട്ട് പോയി പ്രൊജക്റ്റർ ഉപയോഗിച്ച് അവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്നു.

ചോ: സിനിമ ഗൗരവമായി കാണുന്ന ആഫ്രിക്കൻ ചലച്ചിത്രകാരരുടെ സൃഷ്ടികളുടെ ഉള്ളടക്കം എന്താണ്

ഉ: 60 കളിലും 70 കളിലും സിനിമയെ ശക്തമായ രാഷ്ട്രീയ, സാംസ്കാരിക ഉപകരണമായാണ് ആഫ്രിക്കയിൽ ഉപയോഗിച്ചത്. എന്നാൽ 1990 കൾക്ക് ശേഷം വിനോദമായി പ്രധാന ലക്ഷ്യം. അത് ഇന്നും തുടർന്നു പോരുന്നു. സിനിമ ഗൗരവത്തോടെ കാണുന്ന ചലച്ചിത്രകാരർ മാലി, നൈജർ, ബുർക്കിന ഫാസോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരസുരക്ഷാ, തീവ്രവാദ പ്രശ്നങ്ങളിലേക്കാണ്ക്യാമറ തിരിക്കുന്നത്. സ്ത്രീകളുടെ ദുരവസ്ഥയും സാമ്പത്തിക പ്രതിസന്ധി കാരണം പുറം നാടുകളിലേക്ക് ചേക്കേറുന്ന യുവതലമുറയുമാണ് ചലച്ചിത്രപ്രവർത്തകരുടെ മറ്റു പ്രധാന വിഷയങ്ങൾ.

ചോ: ആഫ്രിക്കയിലെ ചലച്ചിത്രമേളകളെക്കുറിച്ച്…

ഉ: രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന FESPACO മേളയാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രമേള. 40,000 ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ മാത്രം പങ്കെടുക്കും. കൺട്രി ഇൻ ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെട്ട രാജ്യത്തിന്റെ പ്രസിഡന്റും മന്ത്രിമാരും മേളയിലെ ക്ഷണിക്കപ്പെട്ട അതിഥികളാണ്. കൂടാതെ സംഗീത, സാംസ്കാരിക പരിപാടികൾ ഭക്ഷ്യമേളകൾ എന്നിവയുമുണ്ടാകും.

ചോ: ലോകമെമ്പാടുമുള്ള നിരവധി മേളകളിൽ പങ്കെടുത്ത ജൂറി അംഗം എന്ന നിലയ്ക്കുള്ള താങ്കളുടെ അഭിപ്രായം

ഉ: പൊതുജനങ്ങളുടെ വിപുലമായ പങ്കാളിത്തം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെപ്പോലെ തന്നെ ആഫ്രിക്കയിലെ ചലച്ചിത്രമേളകളുടെയും പ്രത്യേകതയാണ്. അമേരിക്കയിലെ മേളകളിൽ ചിലപ്പോൾ ആളുകൾ സിനിമ കാണാൻ വരും, ചിലപ്പോൾ വരില്ല. കൂടുതലും വരുന്നത് പ്രൊഫഷണലുകൾ ആയിരിക്കും. ഒരു ആഫ്രിക്ക സ്വദേശിയുടേത് പോലെ മുഖത്ത് യഥാർത്ഥ പുഞ്ചിരി തെളിയുന്ന മലയാളി എന്നെ ആഹ്ലാദിപ്പിക്കുന്നു.

Share This Post
Exit mobile version