കഴക്കൂട്ടം: ലോകത്തിന്റെ സംസ്കാരിക- സർഗാത്മക വളർച്ചയിൽ അറബി ഭാഷ വഹിച്ച പങ്ക് നിസ്തുലമാണെന്ന് യുഎഇ വൈസ് കോൺസുലാർ മുസബഹ് അൽ ശാമിസി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ച് കേരള സർവ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളുൾക്കൊണ്ട് സർവകലാശാലയുടെ സേവനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് സർവകലാശാല രജിസ്ട്രാർ പ്രൊഫ കെ.എസ് അനിൽ കുമാർ പറഞ്ഞു.
ഇന്ത്യൻ അറബി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരൻ മുഹമ്മദ് റാബിഅ ഹസൻ നദ്‌വി യുടെ രചനകളെ ആസ്പദമാക്കി നടക്കുന്ന സെമിനാർ ഇന്ന് സമാപിക്കും.അറബി വകുപ്പിലെ പൂർവ വിദ്യാർഥികളുമായി സഹകരിച്ച് വകുപ്പ് നൽകുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡ് പ്രമുഖ എഴുത്തുകാരൻ കോടാമ്പുഴ ബാവ മുസ്‌ലിയാർക്ക് സർവകലാശാല രജിസ്ട്രാർ പ്രൊഫ. അനിൽ കുമാർ നൽകി.
അൽ റാഇദ് പത്രം ചീഫ് എഡിറ്റർ സയ്യിദ് ജാഫർ മസ്ഊദ് അൽ ഹസനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വകുപ്പ് മേധാവി ഡോ. നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജു ഖാൻ, അബ്ദുൽ ശുകൂർ അൽ ഖാസിമി, ഡോ താജുദ്ദീൻ , ഡോ സുഹൈൽ , ഡോ. ഇസ്സുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന പ്ലീനറി സെഷനിൽ പ്രൊഫ. പി.നസീർ “ഉലമാ ആക്ടിവിസവും മുസ്ലീം സമൂഹത്തിന്റെ സാമൂഹിക മൂലധനത്തിന്റെ വികസനവും” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.