Press Club Vartha

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ അനിമേഷന്‍ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ക്ക് ജില്ലയില്‍ നാളെ (ഡിസംബര്‍ 27) തുടക്കമാകും. നാളെ മുതല്‍ ഡിസംബര്‍ 31 വരെ 12 ഉപജില്ലകളിലായി 25 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ഈ വര്‍ഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പണ്‍ ടൂണ്‍സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കല്‍, കെഡിയെന്‍ ലൈവ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യല്‍, ത്രിമാന അനിമേഷന്‍ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷന്‍ ടൈറ്റില്‍ തയാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ചെയ്യുന്നത്.

പ്രോഗ്രാമിംഗ് വിഭാഗത്തില്‍ പിക്‌റ്റോബ്ലാക്ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിര്‍മ്മാണം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വാതില്‍, ഡ്രൈവര്‍ ഉറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന തരംതിരിക്കല്‍ യന്ത്രം തുടങ്ങിയവയും തയ്യാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂള്‍ പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന 180 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലായി 5721 അംഗങ്ങളാണുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ നടന്ന സ്‌കൂള്‍തല ക്യാമ്പുകളില്‍ നിന്നും പ്രവര്‍ത്തന മികവിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 1252 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കൈറ്റ് തയ്യാറാക്കിയ മൊഡ്യൂള്‍ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റര്‍മാരും സ്‌കൂള്‍ ഐ ടി കോ-ഓര്‍ഡിനേറ്റര്‍മാരുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.സബ്ജില്ലാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.

Share This Post
Exit mobile version