Press Club Vartha

പ്രതിഷ്ഠാ ചടങ്ങ്: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് മതേതര പാര്‍ട്ടികള്‍ ഓശാന പാടരുത്: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും അതിന് മതേതര പാര്‍ട്ടികള്‍ ഓശാന പാടുന്നത് രാജ്യത്തെ വീണ്ടും അപകടപ്പെടുത്തുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമൂഹിക വിഭജനവും ധ്രുവീകരണവും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സാമ്പ്രദായിക പാര്‍ട്ടികളുടെ അജണ്ടകള്‍ ബിജെപി തീരുമാനിക്കുന്നു എന്നത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ അജണ്ടകളോട് കൃത്യമായ നിലപാട് പറയാന്‍ പോലും കെല്‍പ്പില്ലാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നു. നാലര നൂറ്റാണ്ട് നിലനിന്ന ആരാധനാലയം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. അവിടെ ഉയരുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിലൂടെ ബിജെപിയും കോണ്‍ഗ്രസും ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന യാഥാര്‍ഥ്യമാണ് കൂടുതല്‍ അനാവൃതമാകുന്നത്. വിശ്വാസപരമായ കാര്യമാണ് അതില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായി തീരുമാനമെടുക്കാം എന്ന മുസ്ലിം ലീഗിന്റെ സമീപനം നിന്ദ്യാപരമാണ്.

ബാബരി മസ്ജിദ് പ്രശ്‌നം വിശ്വാസത്തിന്റെ പ്രശ്‌നമല്ല. അത് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പ്രശ്‌നമാണ്. ഒരു സംഘം അക്രമികള്‍ പള്ളി തകര്‍ത്തിടത്ത് നിര്‍മിക്കുന്ന ഒന്നാണ്. അത് ഒരിക്കലും വിശ്വാസപരമല്ല. അത് ഫാഷിസത്തിന്റെ താല്‍പ്പര്യമാണെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.

Share This Post
Exit mobile version