
ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ ഒരു പൊൻതൂവൽ കൂടി നേടി ഐ എസ് ആർ ഒ. അറുപതാമത്തെ ഉപഗ്രഹമാണ് ഇന്ന് രാവിലെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഇന്ന് രാവിലെ 9.10ന് വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റാണിത്.
എക്സ്റേ തരംഗങ്ങളിലൂടെ തമോഗർത്തങ്ങളുടെ അടക്കം പഠനമാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്നാണ് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പി.എസ്.എൽ.വി.സി 58 റോക്കറ്റ് കുതിച്ചുയർന്നത്. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന.
ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.2021 ൽ നാസ എക്സ്‍–റേ പോളാരിമീറ്റർ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു.അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. 10 ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു. അതിലൊന്ന് തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ വീസാറ്റാണ്.
