Press Club Vartha

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് ആരംഭിക്കുന്നു; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ശക്തമായി ആരംഭിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിലാണ് സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നത്.

കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണെന്ന് മന്ത്രി വീണ ജപേജ് പറഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകുമെന്നും ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്.

ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ സാധ്യതയുള്ള രോഗാണുക്കള്‍ കൊണ്ടുള്ള അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version