Press Club Vartha

കേരള ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനോട് വലിയ താൽപര്യമാണ് സന്ദർശകരിൽ നിന്നുണ്ടാകുന്നത്; പിണറായി വിജയൻ

തിരുവനന്തപുരം: ലോക ശാസ്ത്ര രംഗത്ത് കേരളത്തെ അടയാളപ്പെടുത്തുന്ന കേരള ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനോട് വലിയ താൽപര്യമാണ് സന്ദർശകരിൽ നിന്നുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ശാസ്ത്ര മേള തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് നടക്കുന്നത്. മേളയുടെ ഭാഗമായി 25 ഏക്കര്‍ വിസ്തൃതിയില്‍ 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.

ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ വിപുലമായ പവലിയനുകളാണ് മേളയുടെ പ്രധാന ആകർഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദർശകർക്കായി ഒരുങ്ങുന്ന വിസ്മയക്കാഴ്‌ചകളാണ്. പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഉയർന്ന ശാസ്ത്രാവബോധവും സാങ്കേതികവിദ്യാ ഗവേഷണ സൗകര്യങ്ങളും ഏതൊരു സമൂഹത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ വിവിധ നടപടികൾ കൈക്കൊണ്ടുവരികയാണ് എൽഡിഎഫ് സർക്കാർ. സർക്കാരിന്റെ ഈ പരിശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടായി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവൽ മാറുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Share This Post
Exit mobile version