Press Club Vartha

നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളില്‍ രണ്ട് കോടി ചെലവില്‍ പുതിയ ക്ലാസ്സ് മുറികള്‍

തിരുവനന്തപുരം: നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളിന് പുതിയ 10 ക്ലാസ്സ് മുറികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ടൗണ്‍ യു.പി സ്‌കൂളിലെ സ്‌കൂള്‍ ഔഷധോദ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യാനത്തില്‍ ഔഷധച്ചെടികള്‍ നട്ട മന്ത്രി, ഔഷധോദ്യാനം കൃത്യമായി പരിപാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയാണ് മടങ്ങിയത്.

തിപ്പലി, കയ്യോന്നി, നീലയമരി, ശതാവരി, ആടലോടകം, നന്ത്യാര്‍വട്ടം തുടങ്ങി അമ്പതോളം ഔഷധ സസ്യങ്ങള്‍ ഉദ്യാനത്തിലുണ്ട്. സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ നിന്നും ലഭിച്ച പദ്ധതി ഫണ്ട് 50,000 രൂപ ചെലവഴിച്ചാണ് 5 സെന്റില്‍ മനോഹരമായ ഔഷധോദ്യാനം വിദ്യാലയം ഒരുക്കിയത്.

നെടുമങ്ങാട് ടൗണ്‍ യു. പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങിന് നഗരസഭ വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. വസന്തകുമാരി, മറ്റ് അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.സഞ്ജീവ്കുമാര്‍, ഹെഡ്മിസ്‌ട്രെസ് ഷൈജ എ. എം, പിടി. എ പ്രസിഡന്റ് അജിംഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version