ഡൽഹി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രാവ സന്ദർശിക്കാനാണ് രാഹുൽ എത്തിയത്. എന്നാൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയൂവെന്ന് പറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെയും മറ്റു കോൺഗ്രസ് നേതാക്കളെയും തടഞ്ഞത്.
ഇതേതുടർന്ന് മടങ്ങിപ്പോകാൻ കൂട്ടാക്കാതെ സംഭവസ്ഥലത്ത് രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് ധർണ നടത്തുകയാണ്. ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണമെന്നും ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം എന്ത് കുറ്റമാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി ചോദിക്കുന്നു.
ഭരണ സംവിധാനത്തെയും പൊലീസിനെയും ദുരുപയോഗം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റത്തെ എക്കാലവും തടഞ്ഞുവയ്ക്കാമെന്ന് സംഘപരിവാര്‍ കരുതരുതെന്നാണ് സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എല്ലാവരും പോകുന്നുണ്ടല്ലോ, പിന്നെന്താണ് രാഹുല്‍ ഗാന്ധിയെ മാത്രം തടയുന്നതെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.