ഇടുക്കി: ചിന്നക്കനാലിൽ അനിധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ലെന്നും എന്നാൽ ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടിയെന്നും ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുഴൽനാടൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന്‍റെ കൈവശം ചിന്നക്കനാൽ വില്ലേജിലുള്ള 50 സെൻറ് അധിക സ്‌ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെനന്നായിരുന്നു കണ്ടെത്തിയത്. ഇതേ തുടർന്നാണ് വിശദീകരണമായി കുഴൽനാടൻ രംഗത്തെത്തിയത്.
തന്റെ ഭൂമിയിൽ മതിൽ ഇല്ലെന്നും സംരക്ഷണ ഭിത്തി മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങൾ പാരമ്പര്യമായി കൃഷിക്കാരനാണെന്നും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്ത് തന്റെ സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല 50 ഏക്കർ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ലെന്നും എത്ര തളർത്താൻ നോക്കിയാലും പിന്നോട്ട് പോകില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.