Press Club Vartha

റിപ്പബ്ലിക്ക് ദിന സന്ദേശവുമായി വി ഡി സതീശൻ

തിരുവനന്തപുരം: ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അതിനു പിന്നാലെ നിലവില്‍ വന്ന ഭരണഘടന നല്‍കുന്ന അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.

അഭിമാനത്തോടെയാണ് ഈ രാജ്യവും രാജ്യത്തെ ജനങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നത്. മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെ ഈ രാജ്യം ഏറെ മുന്നേറിയിട്ടുണ്ടെന്നും നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യമെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യം.

വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. രാജ്യത്തിന് വേണ്ടി അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post
Exit mobile version