Press Club Vartha

പോത്തൻകോട് എസ് എച്ച് ഒ, എഎസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്തു

പോത്തൻകോട് : പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണ് ,ഭൂമാഫിയ സംഘത്തിൽ നിന്നും പണം കൈപ്പറ്റി എന്ന് ആരോപണത്തിലാണ് സസ്‌പെൻഡ് ചെയ്തത്. പോത്തൻകോട് എസ് എച്ച് ഒ ഇതിഹാസ് താഹ എ എസ് ഐ വിനോദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കഴിഞ്ഞ ദിവസം മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരും മാഫിയ സംഘവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിൽ പ്രദേശത്തെ മണ്ണ് മാഫിയകളിൽ നിന്നും പലതവണ പണം കൈപ്പറ്റി എന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. വാട്സ്ആപ്പ് വഴിയാണ് ഉദ്യോഗസ്ഥർ മണ്ണ് മാഫിയ സംഘവുമായി ബന്ധപ്പെടുന്നത്.

സംഭവത്തിൽ ഡിവൈഎസ്പിയും സംഘവും പോത്തൻകോട് എത്തി അന്വേഷണം ആരംഭിച്ചു.മണ്ണെടുക്കുന്നതിന് എസ് എച്ച് ഒ യും അഡി. എസ് ഐയും പണം കൈപ്പറ്റി എന്ന ആരോപണം ഉണ്ടായ സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും പോത്തൻകോട് പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഫോൺ സംഭാഷണം മണ്ണ് മാഫിയ സംഘത്തിൽ നിന്ന് തന്നെ ചോർന്നു എന്നാണ് പോലീസ് കരുതുന്നത്. അഡി. എസ് ഐ വിനോദിനെ മുൻപ് ആരോപണത്തിന്റെ പേരിൽ സ്ഥലം മാറ്റിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന എസ് എച്ച് ഒ സ്ഥലം മാറി പോയതിനു ശേഷം സ്ഥലത്ത് മണ്ണ് മാഫിയ സംഘം സജീവമായി. ഒരിടവേളക്കുശേഷമാണ് പോത്തൻകോട് പോലീസിനെതിരെ ഇത്തരത്തിൽ ആരോപണം ഉണ്ടാകുന്നത്.

Share This Post
Exit mobile version