തിരുവനന്തപുരം: പട്ടം തോടിന്റെ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവ്വഹിച്ചു. 2021-22 ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 4.83 കോടി രൂപയുടെ ഭരണാനുമതിയാണ് ഈ പ്രവൃത്തിക്ക് നൽകിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പട്ടം തോടിന് ശരാശരി 8 മീറ്റർ വീതിയും ഏകദേശം 9 കി.മീ നീളവുമാണുള്ളത്.
തിരുവനന്തപുരം നഗരസഭയിലെ കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി പട്ടം തോട് ആമയിഴഞ്ചാൻ തോടിൽ ചേരുന്നു. ഇതിന്റെ ഡൌൺ സ്ട്രീമിൽ 4.5 കി.മീ മുതൽ 9 കി.മീ വരെയുള്ള ഭാഗമാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.
തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക, സംരക്ഷണ ഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിംഗ് നൽകുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തോടിന്റെ നവീകരണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും അതിലൂടെ ഗൗരീശപട്ടം കണ്ണമ്മൂല മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നും വി.കെ പ്രശാന്ത് എം.എൽ.എ അഭിപ്രായപ്പെട്ടു.
നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ രാജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ എസ് എസ്, കൗൺസിലർമാരായ ഡി.ആർ അനിൽ, ഡോ. കെ.എസ് റീന, മേരി പുഷ്പം, മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ സുജ ഗ്രേസൺ, എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ എസ്.എസ്, വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.