Press Club Vartha

സംവിധാനത്തിന്റെ പുതിയ തലങ്ങൾ തേടി ബാബുജോൺ

തിരുവനന്തപുരം: സംവിധാനത്തിന്റെ പുതിയ തലങ്ങൾ തേടി ബാബുജോൺ. ചലച്ചിത്ര സംവിധാനം ഉൾപ്പെടെ പ്രവർത്തിച്ച മേഖലകളിലെല്ലാം നല്ല അടയാളപ്പെടുത്തലുകൾ നടത്താൻ കണ്ണൂർകാരനായ ബാബുജോണിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉളിക്കൽ സ്വദേശിയാണ് യുവ സംവിധായാകനായ ബാബുജോൺ.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് ശ്രദ്ധേയനായിരുന്നു. ലഘുനാടകങ്ങൾ രചിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ചന്ദന ചിന്തേര് എന്ന  പ്രൊഫഷണൽ നാടകത്തിലൂടെ നാടകരംഗത്ത് സജീവമായി. 2005 ൽ ജീവൻ ടീവിയിൽ ക്രിസ്തുമസ് ഗാനങ്ങൾ എഴുതിക്കൊണ്ട് ദൃശ്യ മേഖലയിലേക്കും പ്രവേശിച്ചു. പിന്നീട് ആൽബങ്ങൾക്കും നാടകങ്ങൾക്കും സിനിമകൾക്കുമായി നൂറിലധികം ഗാനങ്ങൾ എഴുതി. ബാബു ജോൺ എഴുതി വിധുപ്രതാപ്, ശ്രേയ സിത്താര കൃഷ്ണകുമാർ, ജാസി ഗിഫ്റ്റ്, മധു ബാലകൃഷ്ണൻ തുടങ്ങിയവർ പാടിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഗിരം എന്ന കുട്ടികളുടെ ചിത്രത്തിലൂടെയാണ് ബാബുജോൺ ശ്രദ്ധേയനായത്. നിരവധി സ്കൂളുകളിൽ പ്രദർശിപ്പിച്ച അഗിരം നല്ലൊരു സന്ദേശം വിദ്യാർത്ഥി സമൂഹത്തിന് കൈമാറുന്ന ചിത്രമായിരുന്നു.ബാബുജോൺ രചനയും സംവിധാനവും നിർവ്വഹിച്ച ലക്ഷ്യം എന്ന ചിത്രം സ്കൂൾ തലത്തിൽ നിന്നും സംസ്ഥാന മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം നേടി.ശ്രേയ പാടിയ എന്നുമെന്നച്ഛന്റെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒരു തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. കഥ എഴുതി സംവിധാനം ചെയ്ത നേർച്ചപ്പെട്ടി എന്ന മലയാള ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും ബാബു ജോൺ ആണ്.

നൈറ നിഹാർ, അതുൽ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രമേയത്തിന്റെ പുതുമയിൽ മികച്ച അഭിപ്രായം നേടിയിരുന്നു. പുതിയ ചിത്രത്തിലൂടെ സംവിധാന രംഗത്ത് സജീവമാവുകയാണ് ബാബു ജോൺ.സംവിധാനത്തിന്റെ പുതിയ തലങ്ങളിൽ കടക്കാൻ ഈ യുവ സംവിധായകൻ ശ്രമിക്കുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങൾ പുതിയ ചിത്രത്തിൽ കഥാപാത്രങ്ങളാകും. നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഈ യുവ പ്രതിഭ അവിടെയും സജീവമാണ്. ജോൺ മറിയക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ബാബു ജോൺ. ഭാര്യ: സുജ. മക്കൾ : ലിന്റ , ബിൽന, ഐശ്വര്യ.

Share This Post
Exit mobile version