Press Club Vartha

ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടി: അവലോകനയോഗം ചേര്‍ന്നു

തിരുവനന്തപുരം: കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ സി ഡി പി ഒ മാരുടെ യോഗമാണ് ചേര്‍ന്നത്. ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി അദ്ധ്യക്ഷയായി. അംഗന്‍വാടികള്‍ വഴി സര്‍വേ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക.

40% ന് മുകളില്‍ കാഴ്ച പ്രശ്‌നമുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് ടീച്ചേഴ്‌സ് ഫോറവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ഒരു പഠനകേന്ദ്രം ക്രമീകരിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ബ്ലോക്ക് തല സംഘാടകസമിതി രൂപവത്കരിക്കും.

160 മണിക്കൂറാണ് സാക്ഷരതാ ക്ലാസിന്റെ സമയ ക്രമം. ബ്രെയില്‍ ലിപിയില്‍ പ്രാവിണ്യമുള്ളവരെ ഓരോ പഠനകേന്ദ്രത്തിലും ഇന്‍സ്ട്രക്ടറായി നിയോഗിക്കും. ഇവര്‍ക്ക് ഓണറേറിയം നല്‍കും. പഠിതാക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ പഠന കേന്ദ്രത്തില്‍ തയ്യാറാക്കും. വനിതാ ശിശു വികസന വകുപ്പ് ട്രയിനിംഗ് സെന്ററില്‍ നടന്ന യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി രതീഷ് പദ്ധതി അവലോകനം നടത്തി.

Share This Post
Exit mobile version