തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. പടക്കനിര്‍മാണശാലയിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു.ഇതിൽ 12 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപോർട്ടുകൾ. വാഹനം പൂർണമായി കത്തി നശിച്ചു. പടക്കങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസെൻസ് ഇല്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടുകൾ. സ്പോടക വസ്തുക്കൾ സൂക്ഷിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഫോഴ്സും സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൽ പടക്ക നിർമാണ ശാല പൂർണമായും തകർന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായിട്ടുണ്ട്. രണ്ടു കിലോമീറ്റർ ദൂരത്തേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് സമീപവാസികളുടെ മൊഴി.