Press Club Vartha

ചുരുളഴിയാത്ത രഹസ്യങ്ങൾ തേടി ആനന്ദും സംഘവും; ഓരോ സെക്കന്റിലും ത്രില്ലടിപ്പിച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’

തിരുവനന്തപുരം: ഓരോ സെക്കൻഡും ത്രില്ലടിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളിൽ നടന്ന രണ്ട് കൊലപാതകങ്ങൾ. അവയ്ക്ക് പിന്നാലെയുള്ള നാല് പോലീസുകാരുടെ ജീവിതം, അതിനിടയിൽ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങൾ, ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ, ഇതെല്ലാം ചേർന്നൊരു സൂപ്പർ അന്വേഷണാത്മക സിനിമയാണ് ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും.

കോട്ടയം ജില്ലാ പോലീസ് കാര്യാലയത്തിലേക്ക് കോരിച്ചൊരിയുന്നൊരു മഴയത്ത് ഒരു ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ടൊവീനോയുടെ കഥാപാത്രമായ എസ്.ഐ ആനന്ദ് നാരായണനിലാണ് സിനിമയുടെ തുടക്കം. ഒരു കേസുമായി ബന്ധപ്പെട്ട് കുറച്ചുനാൾ സസ്പെൻഷനിലായ ശേഷം തിരിച്ച് സർവ്വീസിൽ കയറാനായാണ് അയാളുടെ വരവ്. അവിടെവെച്ച് മറ്റുചിലരുടെ സംസാരത്തിനിടെയാണ് അയാൾ സസ്പെൻഷനിൽ ആകാനിടയായ പ്രമാദമായ ലൗലി മാത്തൻ കൊലക്കേസിനെ കുറിച്ച് അയാളുടെ കാതിലേക്കെത്തുന്നത്.

പിന്നെ ഫ്ലാഷ് ബാക്കായി ആ സംഭവം കാണിക്കുന്നു. ഇതിന്റെ ക്ലൈമാക്സ് ആകുന്നോടെ സിനിമയുടെ ആദ്യപകുതി കഴിയുന്നു. രണ്ട് ക്ലൈമാക്സുകളുണ്ട് ഈ സിനിമയ്ക്ക്. രണ്ടാം പകുതിയിൽ മറ്റൊരു കേസിന് പിന്നാലെയാണ് എസ്.ഐ ആനന്ദ്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമുള്ള കേസുകളുടെ ക്ലൈമാക്സുകൾ തീർത്തും അപ്രതീക്ഷിതമാണ്. നിരവധി കഥാപാത്രങ്ങൾ സിനിമയിലുണ്ടെങ്കിലും എല്ലാവർക്കും മനസ്സിൽ തങ്ങി നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനാകുന്നുണ്ട്.

ഒരു ഇരുത്തം വന്ന നടന്റെ എല്ലാ വശ്യതയോടും കൂടിയാണ് ടൊവിനോ തന്റെ കഥാപാത്രത്തെ പ്രേക്ഷകന് നൽകിയിരിക്കുന്നത്. മുൻപ് താരം അവതരിപ്പിച്ചിട്ടുള്ള പോലീസ് വേഷങ്ങളുടെ ചെറിയൊരു സാമ്യത പോലും ഇല്ലാതെ ഇതിലെ വേഷം മനോഹരമാക്കിയിട്ടുണ്ട്. മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി വളരെ സട്ടിലായി ആനന്ദിനെ സ്ക്രീനിലെത്തിച്ചിട്ടുണ്ട് ടൊവിനോ.

ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകൻറേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ജോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങൾ തുടങ്ങി പിരീഡ് സിനിമ എടുക്കുമ്പോഴുള്ള എല്ലാ വെല്ലുവിളികളേയും അസാധാരണമായ മേക്കിങ് കൊണ്ട് ഡാർവിനും സംഘവും മറികടന്നിട്ടുണ്ട്.

ഗൗതം ശങ്കറിൻറെ ക്യാമറയും സന്തോഷ് നാരായണൻറെ സംഗീതവും പശ്ചാത്തല സംഗീതവും ദിലീപ് നാഥിൻറെ ആർട്ടും സൈജു ശ്രീധറിൻറെ എഡിറ്റിംഗും എല്ലാം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നു നിൽക്കുന്നതാണ്. മറ്റ് മലയാള സിനിമകളിൽ അധികം കാണാത്ത പുതുമയുള്ള ലൊക്കേഷനുകളും സിനിമയിലുള്ളത് ഫ്രഷ് ഫീൽ സമ്മാനിച്ചു.

Share This Post
Exit mobile version