Press Club Vartha

ആറ്റുകാൽ പൊങ്കാല: ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് സുരക്ഷാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുതി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും സമീപം പൊങ്കാല അർപ്പിക്കുന്നത് സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് സുരക്ഷാ നിർദേശങ്ങൾ നൽകി.

ട്രാൻസ്ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം. ട്രാൻസ്ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാൻസ്ഫോർമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. വൈദ്യുതി പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കിടയിലും പൊങ്കാലയിടരുത്. ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പാക്കണം. ഉത്സവവേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ, അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന നടത്തുകയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂർ അനുമതി വാങ്ങുകയും വേണം.

ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ ദീപാലങ്കാരങ്ങൾ ചെയ്യരുത്. വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിന് ഉപയോഗിക്കരുത്. വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ എറിയുകയോ ചെയ്യരുത്.

വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ഫ്ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കരുത്. വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കരുത്. അനധികൃതമായ വയറിംഗ് നടത്തരുത്. തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കണം.

Share This Post
Exit mobile version