Press Club Vartha

റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ മൂന്ന് വർഷത്തെ കാലയളവിൽ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകാനുള്ള സാഹചര്യമൊരുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആക്ടിവിറ്റി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്‌സ് & അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, നിർമിതബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡി.റ്റി.പിയും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധ ഭാഗങ്ങളാണ് പ്രവർത്തന പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട 102 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തത്. പ്രോഗ്രാമിങ്,അനിമേഷൻ മേഖലകളിലാണ് പരിശീലനം നൽകിയത് .

കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജയപ്രകാശ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ സുപ്രിയ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version