വയനാട്: വയനാട്ടിലെ സർവകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്ക്കരണം. മാത്രമല്ല വനംമന്ത്രി എ.കെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമായി ചർച്ച നടക്കില്ലെന്നും അറിയിച്ചായിരുന്നു യോഗത്തിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിപ്പോയത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.
വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോഗം വിളിച്ചത്.
എന്നാൽ വയനാട്ടിൽ ഇനി ചർച്ചകളല്ല വേണ്ടതെന്നും നടപടികളാണ് വേണ്ടതെന്നും ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു. സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ എംഎൽഎമാർ അറിയിച്ചു.