Press Club Vartha

മാസപ്പടി വിവാദം; വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ

Mathew Kuzhalnadan. Photo: Facebook/Mathew Kuzhalnadan

തിരുവനന്തപുരം: ‘മാസപ്പടി വിവാദത്തിൽ വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കുഴൽനാടൻ പറഞ്ഞു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്.

കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം അട്ടിമറിക്കാൻ ശ്രമിച്ചത് പിണറായി വിജയൻ സർക്കാരാണ്. ഒരു അംഗത്തിന്റെ അവകാശം നിഷേധിക്കുകയാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ ചെയ്തതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. അതെ സമയം മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. മാത്രമല്ല സിഎംആര്‍എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ലെന്നും മാത്യു പറഞ്ഞു.

അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്നും നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Share This Post
Exit mobile version