Press Club Vartha

ജില്ലയിലെ അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. അത്യാധുനിക യൂണിറ്റുകള്‍ എത്തിയതോടെ ജില്ലയിലെ കുഴല്‍കിണര്‍ നിര്‍മ്മാണം വേഗത്തിലാകുമെന്ന് എം. എല്‍. എ പറഞ്ഞു. ഇതുവഴി ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ കുടിവെള്ളമെത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെഞ്ഞാറമൂട് സര്‍ക്കാര്‍ യു.പി സ്‌കൂളിലാണ് പുതിയ റിഗ്ഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ കിണര്‍ നിര്‍മ്മാണം.

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 6.74 കോടി രൂപ ചെലവഴിച്ച് ഭൂജല വകുപ്പ് വാങ്ങിയ ആറ് നൂതന കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ളതും വളരെ വേഗത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമാണ് യൂണിറ്റുകള്‍.

വെഞ്ഞാറമൂട് സര്‍ക്കാര്‍ യു. പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനരാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസീനാബീവി, നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. കെ മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version