Press Club Vartha

കേരളത്തിന് സ്വന്തമായൊരു എ ഐ ചിപ്പ് വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാല

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായൊരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചിപ്പ് വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാല. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം പകരുന്ന കണ്ടുപിടുത്തമാണ് കൈരളി എ.ഐ ചിപ്പ് വികസിപ്പിച്ചെടുത്തതിലൂടെ സംസ്ഥാന ഡിജിറ്റൽ സർവകലാശാല നടത്തിയിരിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നത്.

കൈരളി എ.ഐ ചിപ്പ് ഉപയോഗിച്ചുകൊണ്ട് കൃഷി, എയ്‌റോസ്‌പേസ്, മൊബൈൽ ഫോൺ, ഓട്ടോമൊബൈൽ വ്യവസായങ്ങൾ, ഡ്രോണുകൾ, സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ വലിയ മുന്നേറ്റം സാധ്യമാക്കാൻ നമുക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇലക്ട്രോണിക് മേഖലയിലും ചിപ്പ് ഡിസൈനിലും വളർന്നുവരുന്ന ശക്തിയായി മാറുന്നതിന് ഈ നേട്ടം ഒരു പടി കൂടി നമ്മളെ അടുപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വർക്ക് ലോഡുകളുടെ വേഗതയേറിയതും കാര്യക്ഷമവുമായ കമ്പ്യൂട്ടിംഗ് നൽകുന്നതിന് ലക്ഷ്യമിട്ടാണ് കൈരളി എ.ഐ ചിപ്പ് നിർമ്മിച്ചിരിക്കുന്നത്. സാധാരണയായുള്ള ജനറൽ പർപ്പസ് പ്രോസസ്സറുകളേക്കാൾ കൂടിയ വേഗതയിലും ഉയർന്ന കാര്യക്ഷമതയിലും ഡാറ്റ പാറ്റേൺ മനസിലാക്കാനും ക്രിപ്‌റ്റോഗ്രാഫിക് ഹാർഡ്‌വെയർ ഉപയോഗിച്ച് ഡാറ്റ എൻക്രിപ്റ്റ് ചെയ്യാനും ഈ ചിപ്പുകൾക്ക് സാധിക്കും.

വേഗമേറിയതും കൃത്യവുമായ ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും, കൃഷി, വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവചനങ്ങൾ നടത്തുന്നതിനും, ട്രാഫിക്, നഗര മാനേജ്മെൻ്റ് സംവിധാനങ്ങൾ കൃത്യമായി നടപ്പിലാക്കാനും സ്വാഭാവിക ഭാഷാ വിശകലനം ചെയ്യുന്നത്തിനും കൈരളി എ.ഐ ചിപ്പുകൾ നമുക്ക് പ്രയോജനപ്പെടുത്താം. കേരളം കൈവരിച്ചിരിക്കുന്ന ഈ നേട്ടം സംസ്ഥാനത്തിൻ്റെ നാഴികക്കല്ല് മാത്രമല്ല, ഹൈടെക് വ്യവസായത്തിലെ നമ്മുടെ കഴിവിൻ്റെ പ്രതീകം കൂടിയാണ്. നിരവധി വ്യവസായങ്ങളെ സ്കെയിൽ അപ്പ് ചെയ്യുന്നതിനും കൂടുതൽ ഗുണമേന്മയുള്ള ഉൽപ്പന്ന നിർമ്മാണം സാധ്യമാക്കുന്നതിനും നമുക്ക് ഈ ചിപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.

Share This Post
Exit mobile version