തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമോത്സവമായ ‘കേരള മീഡിയ കോണ്‍ക്ലേവ് മാര്‍ച്ച് 2,3,4 തീയതികളില്‍ എറണാകുളത്ത് നടക്കും. കേരള മീഡിയ അക്കാദമിയുടെ കാക്കനാട് ക്യാമ്പസില്‍ പ്രത്യേകം ഒരുക്കുന്ന വേദിയില്‍ മാര്‍ച്ച് 2 ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.പി.പിഎഫ്.കെ) അഞ്ചാമത് എഡിഷന്‍ ഇതിന്റെ ഭാഗമായി നടക്കും. മാധ്യമങ്ങളുടെ മരണക്കടലായി മാറിയ പലസ്തീനിലെ ഗാസ യുദ്ധഭൂമിയെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലെ ഒരു പ്രത്യേക വിഭാഗമായിരിക്കും. മീഡിയ അക്കാദമി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ സെന ഇര്‍ഷാദ് മട്ടു, ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ സ്പെഷ്യല്‍ അവാര്‍ഡ് നേടിയ ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍.രാജഗോപാല്‍, അക്കാദമിയുടെ മുഖമാസികയായ മീഡിയ’ യുടെ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍ (2023) ആയി തിരഞ്ഞെടുത്ത വയേല്‍ അല്‍ ദഹ്ദൂഹ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിക്കും.
ഒരു ലക്ഷം രൂപ, ശില്പം, പ്രശസ്തിപത്രം എന്നിവയാണ് ഓരോരുത്തര്‍ക്കും നല്‍കുക. ഐ ആന്റ് പി.ആര്‍.ഡി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുമായി സഹകരിച്ചാണ് മാധ്യമോത്സവം എന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍. കിരണ്‍ ബാബു എന്നിവര്‍ അറിയിച്ചു.
‘നേരറിയാനുള്ള അവകാശം’ എന്ന ആപ്തവാക്യവുമായി സംസ്ഥാന കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് പ്രസ് ഈ കോണ്‍ക്ലേവിന്റെ ഭാഗമായി മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. 40 കോളേജ് ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരം നയിക്കുന്നത് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപാണ്. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയും ഒന്നാം സ്ഥാനക്കാര്‍ക്കും 60000 രൂപ, 30,000 രൂപ എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കും നല്‍കും.
മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാധ്യമ ഫെലോഷിപ്പ് നേടിയവര്‍ക്കും വേണ്ടി പ്രത്യേക ശില്പശാലകളുണ്ടാകും.
മാര്‍ച്ച് 2ന് രാവിലെ 11ന് മലയാളപത്രപ്രവര്‍ത്തനം 175 വര്‍ഷം എന്ന വിഷയത്തില്‍ മാധ്യമസാരഥികളുടെ സംഗമം നടക്കും. ശശികുമാര്‍, തോമസ് ജേക്കബ്, കെ.മോഹനന്‍, ബി.ആര്‍.പി.ഭാസ്‌കര്‍, എസ്.ആര്‍.ശക്തിധരന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, എന്‍.പി.രാജേന്ദ്രന്‍, സെര്‍ജി ആന്റണി എന്നിവര്‍ പങ്കെടുക്കും.
മന്ത്രിമാരായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍, ഉമ തോമസ് എംഎല്‍എ, കേരള സര്‍ക്കാരിന്റെ പ്രത്യേക ഡല്‍ഹി പ്രതിനിധി കെ.വി.തോമസ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ.തോമസ്, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബേബി മാത്യു, ഐ & പിആര്‍ഡി സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ഡയറക്ടര്‍ ടി.വി.സുഭാഷ് ഐഎഎസ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹ്‌റ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് വിനീത, ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു എന്നിവര്‍ വ്യത്യസ്ത സമ്മേളനങ്ങളില്‍ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുനിന്നുമുളള പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ വിവിധ സെഷനുകളിലെ സംവാദത്തില്‍ പങ്കാളികളാകും.
മാര്‍ച്ച് നാലിന് ‘പലസ്തീനും മാധ്യമപക്ഷപാതവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷനെ നയിക്കുന്നത് സിറിയന്‍ പൗരനായ പ്രമുഖ ജേണലിസ്റ്റ് ഡോ.വെയില്‍ അബാദ് ആണ്. ചൈനയിലും ഇന്ത്യയിലും പത്രപ്രവര്‍ത്തകനായിരുന്ന ശാസ്ത്രി രാമചന്ദ്രന്‍, ജര്‍മന്‍ ടിവി ഏഷ്യന്‍ മേഖലാ പ്രൊഡ്യൂസര്‍ പി.എം.നാരായണന്‍, മാധ്യമം ദിനപത്രം എഡിറ്റര്‍ വി.എം.ഇബ്രാഹിം, കൈരളി ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
‘കേന്ദ്ര അന്വേഷണ എജന്‍സികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുമ്പോള്‍ മാധ്യമങ്ങള്‍ എന്തുചെയ്യുന്നു’ എന്നതിനെപ്പറ്റി ജോണ്‍ ബ്രിട്ടാസ് എം.പിയും ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് ജോസി ജോസഫും മുഖാമുഖം നടത്തും. ‘മലയാള മാധ്യമങ്ങളുടെ വികാസപരിണാമവും വര്‍ത്തമാന കാലവും’ എന്ന സെഷനില്‍ സുനില്‍ പി.ഇളയിടവും കൈരളി ടി.വി എക്സിക്യൂട്ടിവ് എഡിറ്റര്‍ എന്‍.പി.ചന്ദ്രശേഖരനും മുഖാമുഖം നടത്തും.
‘പാര്‍ശ്വവല്‍കൃത സമൂഹത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ തഴയുന്നു’ എന്നതിനെപ്പറ്റിയുള്ള സെഷന്‍ നയിക്കുന്നത് അംബേദ്കര്‍ നടത്തിയിരുന്ന പത്രം ഇപ്പോള്‍ ഓണ്‍ലൈനായി നടത്തുന്ന പ്രമുഖ ജേണലിസ്റ്റ് മീനാ കോട്വാളും അന്താരാഷ്ട്ര പ്രസ് ഫ്രീഡം അവാര്‍ഡ് നേടിയ കെ.കെ.ഷാഹിനയുമാണ്.
‘വ്യാജവാര്‍ത്താ നിര്‍മ്മിതിയുടെ സാങ്കേതിക-രാഷ്ട്രീയ തലങ്ങളെ’പ്പറ്റി ന്യൂസ്മിനിറ്റ് എഡിറ്റര്‍ ധന്യാരാജേന്ദ്രന്‍, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, മാതൃഭൂമി മീഡിയ സ്‌കൂള്‍ പ്രതിനിധി സുനില്‍ പ്രഭാകര്‍ എന്നിവര്‍ മുഖാമുഖം നടത്തും.
മാര്‍ച്ച് മൂന്നിന് രാവിലെ ‘ലോക്സഭാ തിരഞ്ഞെടുപ്പും മാധ്യമങ്ങളും’ എന്നതിനെപ്പറ്റിയുള്ള സെഷനില്‍ ട്വന്റിഫോര്‍ ന്യൂസ് മേധാവി ആര്‍.ശ്രീകണ്ഠന്‍ നായര്‍, മനോരമ ന്യൂസ് മേധാവി ജോണി ലൂക്കോസ്, മാതൃഭൂമി എഡിറ്റര്‍ മനോജ് കെ.ദാസ്, റിപ്പോര്‍ട്ടര്‍ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍, എഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ പി.ജി.സുരേഷ് കുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ്.രാജേഷ്, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.
മാര്‍ച്ച് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ‘റേഡിയോ@100’ വര്‍ഷത്തില്‍ എന്ന സെഷനില്‍ ആദ്യകാല ആകാശവാണി ന്യൂസ് റീഡര്‍ രാമചന്ദ്രന്‍, കൊടൈക്കനാല്‍ എഫ്.എം. പ്രോഗ്രാം ഹെഡ് എം.ജോണ്‍ പ്രതാപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മാര്‍ച്ച് 3 ഞായറാഴ്ച ‘വുമണ്‍ ആന്റ് സിനിമ’ എന്ന സെഷനില്‍ റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, വിധു വിന്‍സന്റ്, സജിതാ മഠത്തില്‍, ഷൈനി ജേക്കബ് ബെഞ്ചമിന്‍, സരസ്വതി നാഗരാജന്‍ എന്നിവര്‍ പങ്കെടുക്കും.
‘തിരഞ്ഞെടുപ്പ് കാലത്തെ പുതുമാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ റാംമോഹന്‍ പാലിയത്ത്, എന്‍.ഇ.സുധീര്‍ എന്നിവര്‍ മുഖാമുഖം നടത്തും.
അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്.സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്, ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യു തോമസ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.പി.ശശീന്ദ്രന്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ സുരേഷ് വെളളിമംഗലം, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ സ്മിത ഹരിദാസ്, ഷില്ലര്‍ സ്റ്റീഫന്‍,എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ആര്‍.ഹരികുമാര്‍, സെക്രട്ടറി സൂഫി മുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ സീമ മോഹന്‍ലാല്‍, ഷജില്‍ കുമാര്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
മാര്‍ച്ച് 3 ഞായറാഴ്ച പകല്‍ 12 മുതല്‍ 2 വരെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. മീഡിയ അക്കാദമിയുടെ കാക്കനാട് കാമ്പസിലെ ആസ്ഥാന മന്ദിരം മെട്രോ റെയില്‍വെയുടെ മൂന്നാംഘട്ട വികസനത്തിനായി പൊളിക്കുന്ന സാഹചര്യത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന മുഹൂര്‍ത്തമാവും ഇത്. മുമ്പ് പ്രസ് അക്കാദമി ആയിരുന്ന കാലത്ത് ആദ്യ ജേണലിസം ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ജസ്റ്റിസ് അനുശിവരാമന്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥിയാണ്. രാജ്യത്തിനകത്തും പുറത്തുമായി മാധ്യമ മേഖലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ അക്കാദമിയുടെ പൂര്‍വ വിദ്യാര്‍ഥികളായി ഉണ്ട്.
പത്രസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, സംഘാടക സമിതി ചീഫ് കോര്‍ഡിനേറ്റര്‍ പി.ആര്‍.ഡി അഡിഷണല്‍ ഡയറക്ടര്‍ കെ.ജി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.