Press Club Vartha

സന ഇര്‍ഷാദ് മട്ടുവിന് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്

തിരുവനന്തപുരം: ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് സന ഇര്‍ഷാദ് മട്ടുവിന് കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. മാര്‍ച്ച് 2 ന് വൈകിട്ട് 5 ന് കാക്കനാട് മീഡിയ അക്കാദമി കാമ്പസില്‍ നടക്കുന്ന കേരള മീഡിയ കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു.

പുലിറ്റ്‌സര്‍ സമ്മാനജേത്രിയായ സന കശ്മീര്‍ സ്വദേശിയാണ്. കൊവിഡ് 19ലെ കശ്മീരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ഡോക്യുമെന്റേഷന്‍ നടത്തിയതിനാണ് പുലിറ്റ്‌സര്‍ തേടിയെത്തിയത്. അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിക്ക് ഒപ്പമാണ് സന പുലിറ്റ്‌സര്‍ പങ്കിട്ടത്. പുരുഷകേന്ദ്രീകൃതമായ ഇന്ത്യന്‍ ഫോട്ടോഗ്രഫി ഭൂപടത്തില്‍ സ്ത്രീ ഇമേജിന് ക്ലിക്കുകള്‍ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഈ 31കാരി. റോയിട്ടര്‍, എപി തുടങ്ങിയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്ക് വേണ്ടി ഫോട്ടോ നല്‍കുന്ന സനയുടെ ചിത്രങ്ങള്‍ തീഷ്ണതയുളളതാണ്. പുലിറ്റ്‌സര്‍ സമ്മാനചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വീസ നിഷേധിച്ചിരുന്നു.

തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ജര്‍മന്‍ ടിവി ഏഷ്യന്‍ പ്രൊഡ്യൂസര്‍ പി.എം.നാരായണന്‍, സരസ്വതി നാഗരാജന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ കൊച്ചിയിലെത്തുമെന്ന് സന ഇര്‍ഷാദ് അറിയിച്ചിട്ടുണ്ട്.

വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ട്, മൂന്ന് പുലിറ്റ്‌സര്‍ നേടിയ ബാര്‍ബറ ഡേവിഡ്സണ്‍, രഘു റായ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡിന് അര്‍ഹരായത്. പത്രസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.

Share This Post
Exit mobile version