Press Club Vartha

വർക്കലയിലെ 23 കാരന്റെ മരണം; ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സ്ഥിരീകരണം. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. ഇത് കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം ബുദ്ധിമുട്ടകൾ കാര്യമാക്കിയിരുന്നില്ല. വയറുവേദന അടക്കമുള്ള പ്രശ്നങ്ങൾ കേക്ക് കഴിച്ച ശേഷം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ അസുഖം മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ തന്നെ വിനു മരിച്ചിരുന്നു.

29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചുവെന്നും ഇതിനു ശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇതേ കേക്ക് കഴിച്ച വിനുവിന്റെ അമ്മയും സഹോദരങ്ങളും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Share This Post
Exit mobile version