Press Club Vartha

കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍: റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിട്ട് ക്ലിയോസ്‌പോര്‍ട്‌സ്

കൊച്ചി: സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ച് റണ്ണിങ് ക്ലബുകള്‍ക്ക് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ്. കോളേജ് അഡ്മിനിസ്‌ട്രേഷനുകളുടെയും കായികാധ്യാപകരുടെയും സഹകരണത്തോടെ പുതുതലമുറയിൽ ദീര്‍ഘദൂര ഓട്ടക്കാരെ വാര്‍ത്തെടുക്കുക, ചെറുപ്പം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്ലിയോസ്‌പോര്‍ട്‌സ് റണ്‍ ദെം യങ് പദ്ധതിക്ക് തുടക്കമിടുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിന് കൊച്ചിയിലെ ആല്‍ബര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( എഐഎം) തുടക്കമായി. ക്യൂന്‍സ് വാക്ക് വേയിൽ നടന്ന ചടങ്ങില്‍ എഐഎം ചെയര്‍മാന്‍ ഫാ. ആന്റണി തോപ്പില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. പുതുതലമുറയ്ക്ക് നല്ല ആരോഗ്യം വാര്‍ത്തെടുക്കുവാന്‍ കായിക വിനോദമെന്ന നിലയില്‍ ഓട്ടത്തിന് ഊന്നല്‍ നല്‍കിയുള്ള പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നതായി ഫാ. ആന്റണി തോപ്പില്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍, ക്ലിയോസ്‌പോര്‍ട്‌സ് എന്നിവരുമായുള്ള ആല്‍ബര്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സഹകരണം മറ്റു കോളജുകള്‍ക്കും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും. കോളജ്, സര്‍വകലാശാല കായിക വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായി കായിക തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുവാന്‍ മാരത്തോണ്‍ ഓട്ടക്കാരായ ഗോപി ടി, ഒ.പി ജെയ്ഷ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി രൂപീകരിക്കും. ഇവരുടെ സഹായത്താല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനവും നൽകും.

പ്രായഭേദമന്യേ എല്ലാവരെയും ആകര്‍ഷിച്ച ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കായിക സംസ്‌കാരം കോളജുകളിലേക്ക് വ്യാപിപ്പിക്കാന്‍ ‘റണ്‍ ദെം യങ് ‘ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍ അനീഷ് പോള്‍ പറഞ്ഞു. പദ്ധതിയിലൂടെ കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരോഗ്യമുള്ള മാനസികാവസ്ഥ യുവാക്കളില്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറെ ഗുണപ്രദമായ ‘റണ്‍ ദെം യംഗ് – പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് ക്ലിയോസ്‌പോര്‍ട്‌സിന്റെ ലക്ഷ്യം.

Share This Post
Exit mobile version