തൃശൂര്‍: തൃശൂരിൽ ലൂർദ് മാതാവിന് സമർപ്പിച്ച കിരീട വിവാദത്തില്‍ പ്രതികരിച്ച് തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടം. അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. താനും കുടുംബവും സമർപ്പിച്ച സ്വർണ്ണക്കിരീടത്തെ ഓഡിറ്റ് ചെയ്യാൻ ആരും വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ തന്നെ നയിക്കുകയാണെന്നും തന്റെ ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചതെന്നും മാതാവ് അത് സ്വീകരിക്കുമെന്നും താരം പറഞ്ഞു. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം ഈ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതിൽ ഒരു വൈരക്കല്ലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.