Press Club Vartha

സി സ്‌പേസ്; മലയാളത്തിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവർത്തമാരംഭിക്കുന്നു

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് പുതു ചരിത്രം കുറിക്കുകയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോം ‘സി സ്പേസ്’ തയ്യാറായിക്കഴിഞ്ഞു. സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സി സ്‌പേസിന്റെ ലോഞ്ചിങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് മാത്രം പണം നല്‍കുന്ന രീതിയാണ് ഇതിലുണ്ടാവുക. തിയറ്റർ റിലീസിങ്ങിനുശേഷമായിരിക്കും സിനിമകൾ സി സ്പേസ് ഒടിടിയിലേക്ക്‌ എത്തുക എന്നതിനാല്‍ ഈ സംവിധാനം സംസ്ഥാനത്തെ തിയറ്റർ വ്യവസായത്തെ യാതൊരു രീതിയിലും ബാധിക്കില്ല. പ്രേക്ഷകന്റെ ഇഷ്‌ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക്‌ മാത്രം തുക നൽകുന്ന “പേ പ്രിവ്യൂ’ സൗകര്യമായതിനാൽ ഇതിലേക്ക്‌ സിനിമ നൽകുന്ന ഓരോ നിർമാതാവിനും പിന്നീടുള്ള വർഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങൾ സി സ്പേസ് ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിന്‌ മുൻഗണന നൽകും. ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയും കാണാമെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version