Press Club Vartha

നേര്യമംഗലം സ്വദേശിനി ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികൾ സര്‍ക്കാരും വനം വകുപ്പും; രമേശ് ചെന്നിത്തല

കോതമംഗലം: നേര്യമംഗലം സ്വദേശിനി ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികൾ സര്‍ക്കാരും വനം വകുപ്പുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാട്ടാന ആക്രമണത്തില്‍ രണ്ടു മാസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് ഇടുക്കിയില്‍ മാത്രം കൊല്ലപ്പെട്ടത്. ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത തരത്തിലാണ് മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത്. വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ധാന സർക്കാരുകളുടെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്.

ജനങ്ങള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരന്റെയും ബന്ധുക്കളുടെയും പ്രതിഷേധം വകവയ്ക്കാതെ മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റിയ പൊലീസ് നടപടി മൃതദേഹത്തോടുള്ള അനാദരവാണ്. ഇതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങളെ അടിച്ചോടിച്ച് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയതും ജനാധിപത്യവിരുദ്ധമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വാചക കസര്‍ത്ത് കൊണ്ട് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. സ്വജനപക്ഷപാതവും അഴിമതിയും ധൂര്‍ത്തും നടത്താനുള്ളതല്ല ഭരണസംവിധാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ചുമതല നിര്‍വഹിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version