Press Club Vartha

കഴക്കൂട്ടം മണ്ഡലത്തിലെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതക വിതരണം തുടങ്ങി

തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേന വില കുറവുള്ളതുമായ പാചകവാതകം ലഭ്യമാക്കുകയെന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ.എ പറഞ്ഞു. വെള്ളവും വൈദ്യുതിയും പോലെ ഇടതടവില്ലാതെ ഗ്യാസും പൈപ്പിലൂടെ വീടുകളിൽ എത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എജി ആൻഡ് പി പ്രഥം എന്ന കമ്പനിയ്ക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ ചുമതല. തിരുവനന്തപുരം നഗരത്തിൽ 700 കോടി രൂപയും കഴക്കൂട്ടം മണ്ഡലത്തിൽ 150 കോടി രൂപയുമാണ് പദ്ധതി നടപ്പിലാക്കുന്നതിന് വിനിയോഗിക്കുന്നത്.

ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ നാല് വാർഡുകളിൽ 6000 കണക്ഷൻ മെയ് മാസത്തോടെ നൽകും. മണ്ഡലത്തിലെ 22 വാർഡുകളിൽ ആദ്യം ഗ്യാസ് വിതരണം നടത്തിയ കടകംപള്ളി വാർഡിൽ 3500 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 12 വാർഡുകളിലും ബാക്കി ആറ് വാർഡുകളിൽ മൂന്നാം ഘട്ടമായും ഗ്യാസ് ലൈൻ കണക്ഷൻ എത്തിക്കാൻ കഴിയും.

കടകംപള്ളി വാർഡ് കൗൺസിലർ പി. കെ ഗോപകുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാദേവി സി. എസ്, ജനപ്രതിനിധികൾ, എജി ആൻഡ് പി പ്രഥം റീജിയണൽ ഹെഡ് അജിത്.വി.നാഗേന്ദ്രൻ എന്നിവരും പങ്കെടുത്തു.

Share This Post
Exit mobile version