ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ് ബിഐക്ക് വൻ തിരിച്ചടി. ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങൾ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം ആവശ്യപ്പെട്ട് എസ്ബിഐ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ ഇലക്ട്രൽ ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6 ന് മുൻപായി തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാനും ഇതു കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. ഈ കേസിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് എസ് ബി ഐ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജി കോടതി തള്ളുകയായിരുന്നു.